ദേശിയ പാതയിൽ അരൂർ - തുറവൂർ ഭാഗത്ത് യാത്രാ ദുരിതം തുടരുന്നു. അരൂർ പമ്പിന് സമീപം കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ് റോഡിലെ കുഴിയിൽ താഴ്ന്നു. ഒരാഴ്ചയിലധികം അടച്ചിട്ട് നിർമ്മാണം നടത്തിയിട്ടും ദുരിതയാത്രക്ക് പരിഹാരമില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. രാവിലെ 7.15 ഓടെ ആരൂർ പമ്പിന് മുമ്പിലാണ് സംഭവം. യാത്ര മുടങ്ങിയതോടെ യാത്രക്കാരെ ഏറെ പണിപ്പെട്ടാണ് പുറത്തിറക്കിയത്.
കഴിഞ്ഞ ദിവസങ്ങളിൽ റോഡ് അടച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികളും യാത്രക്കാരും പറഞ്ഞു. നേരേത്തെയും സമാന സ്ഥലത്ത് സ്വകാര്യ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽ പെട്ടിരുന്നു.
ഉയരപ്പാത നിർമ്മാണത്തിന്റെ ഭാഗമായുള്ള ചെളിയും മാലിന ജലവും റോഡിലേക്ക് ഒഴുക്കി വിടുന്നത് ഇപ്പോഴും തുടരുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഉയരപ്പാത നിർമ്മാണം നടക്കുന്നതിൻ്റെ ഇരു വശങ്ങളിലുമുള്ള റോഡിൽ ചെളിവെള്ളം കെട്ടി കിടക്കുന്ന അവസ്ഥ ആണ്. ഇതും യാത്രാ ദുരിതം ഇരട്ടിയാക്കുന്നുണ്ട്.