ആലപ്പുഴ മാന്നാര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ശ്രീദേവിയമ്മയുടെ മരണത്തിനിടയാക്കിയ സാമ്പത്തിക തട്ടിപ്പ് സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.
മാന്നാര്‍ കുട്ടമ്പേരൂര്‍ സ്വദേശി മോളിയെന്ന സാറാമ്മ ലാലു,മാന്നാര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം ഉഷ ഗോപാലകൃഷ്ണന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീദേവിയമ്മ ഉള്‍പ്പടെ പലരില്‍ നിന്നായി ലക്ഷകണക്കിന് രൂപ തട്ടിപ്പ് നടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
തട്ടിപ്പിനിരയായ ശ്രീദേവിയമ്മ കഴിഞ്ഞ ഞായറാഴ്ച വീടിന്റെ പൂജാ മുറിയില്‍ ജീവനൊടുക്കിയിരുന്നു. ശ്രീദേവിയമ്മയുടെ ആത്മഹത്യക്ക് ശേഷം ഒളിവിലായിരുന്ന പ്രതികളെ തിരുവല്ല കുറ്റൂരിലുള്ള ഒരു വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ശ്രീദേവിയമ്മയുടെ കയ്യില്‍ നിന്നും സംഘം 65 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി. മരിക്കുന്നതിന് മുമ്പ് ശ്രീദേവിയമ്മ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലാത്തതിനെത്തുടര്‍ന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കി.തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം വീയപുരം പൊലീസിന് കൈമാറി.
ശ്രീദേവിയമ്മയുടെ മരണശേഷമാണ് കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയത്. മാന്നാര്‍, ചെന്നിത്തല പ്രദേശങ്ങളില്‍ നിന്നായി മൂന്ന് കോടിയിലേറെ രൂപ ഇവര്‍ തട്ടിയെടുത്തതായാണ് സൂചന.കേന്ദ്രപദ്ധതി പ്രകാരം വനിതകള്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങുന്നതിനായി 10 കോടി രൂപ ലഭിക്കുമെന്നും അതിന്റെ പ്രാരംഭ ചിലവുകള്‍ക്കായി കുറച്ച് പണം നല്‍കി സഹായിക്കണമെന്നും ആവശ്യപെട്ടാണ് ഇവര്‍ ശ്രീദേവിയമ്മ ഉള്‍പ്പെടെയുള്ളവരെ സമീപിച്ച് തട്ടിപ്പ് നടത്തിയത്.
ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും അവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നുംപൊലീസ് പറഞ്ഞു.