കൊച്ചി: 19.82 ഗ്രാം രാസലഹരിയും 4.5 ഗ്രാം ഹഷീഷ് ഓയിലുമായാണ് കൊച്ചിയിലെ ആഡംബര ഹോട്ടലിൽ നിന്ന് മൂന്നു പേർ പിടിയിലാകുന്നത്. കൊല്ലം ഓച്ചിറ സ്വദേശി റിജു ഇബ്രാഹിംകുട്ടി (41), കോട്ടയം കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു (32), തലശ്ശേരി ധർമടം സ്വദേശി കെ.മൃദുല (38) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.
കടവന്ത്രയിലെ ഹോട്ടലിലാണ് ലഹരി വിൽപനയ്ക്കായി ഇവർ മുറിയെടുത്തു താമസിച്ചത്. ഈ സംഘം സ്ത്രീകളെ മുൻനിർത്തി ലഹരിവസ്തുക്കൾ കടത്തി, വിൽപന നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലഹരിവസ്തുക്കൾ അളവു നോക്കി വിൽപന നടത്താനുള്ള ഡിജിറ്റൽ മെഷീനും ഇവരിൽ നിന്നു പിടികൂടി.
ഓച്ചിറ സ്വദേശിയായ റിജു കോതമംഗലം പിണ്ടിമനയിലായിരുന്നു താമസം. ഇയാൾക്കെതിരെ സംസ്ഥാനത്തു പലയിടത്തുമായി കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. ലഹരിമരുന്നു കേസിൽ മുൻപ് കടവന്ത്ര പൊലീസ് പിടികൂടിയിരുന്നു. രണ്ടാം പ്രതിയായ ഡിനോ ബാബുവിനെതിരെ മരട് പൊലീസ് സ്റ്റേഷനിൽ ലഹരിമരുന്നു കേസും മൂവാറ്റുപുഴ, കോതമംഗലം സ്റ്റേഷനുകളിൽ വഞ്ചനാക്കുറ്റത്തിനും കേസുകളുണ്ട്.
അസി. കമ്മിഷണർ പി.രാജ്കുമാറിന്റെ നിർദേശാനുസരണമായിരുന്നു നടപടി. ടൗൺ സൗത്ത് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്.ഫൈസലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സി.ശരത്, സി.അനിൽകുമാർ, ബി.ദിനേഷ്, സിപിഒമാരായ ഡിനുകുമാർ, ജിബിൻലാൽ, അനസ്, അൻസിയ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.