തിരുവനന്തപുരം: നെടുമങ്ങാട്ട് ഐടിഐ വിദ്യാര്‍ത്ഥിനിയായ 19കാരിയുടെ മരണത്തില്‍ പ്രതിശ്രുത വരന്‍ പൊലീസ് കസ്റ്റഡിയില്‍. നെടുമങ്ങാട് വഞ്ചുവം സ്വദേശി നമിതയെയാണ് കഴിഞ്ഞദിവസം വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നമിതയുടെ പ്രതിശ്രുത വരനായ സന്ദീപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പെണ്‍കുട്ടി മരിക്കുന്ന ദിവസം സന്ദീപ് വീട്ടിലെത്തുകയും, നമിതയുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. വിവാഹമുറപ്പിച്ച യുവാവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. വിവാഹത്തില്‍ നിന്നും പിന്മാറുമെന്ന് സന്ദീപ് ഭീഷണി മുഴക്കിയിരുന്നുവെന്നും വാര്‍ത്തകളുണ്ട്.
രണ്ടു വര്‍ഷം മുന്‍പാണ് സന്ദീപുമായി നമിതയുടെ വിവാഹം ഉറപ്പിക്കുന്നത്.വഴക്കിട്ട് ഇറങ്ങിപ്പോയ സന്ദീപ് പിന്നീട് ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് നമിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഇന്‍ക്വസ്റ്റില്‍ ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം.