കൊച്ചി: സംസ്ഥാനത്തെ വ്യാവസായിക മേഖലയുടെ നൂതനവികസനവും പരസ്പരസഹകരണവും ലക്ഷ്യമിട്ട് നടത്തുന്ന ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ 2024 ന് കൊച്ചിയിൽ തുടക്കമായി. പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു .
എക്സ്പോയോട് അനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബുമായി ചേർന്ന് നടത്തിയ മാധ്യമസംഗമത്തിൽ, കേരളത്തിലെ ചെറുകിട വ്യാപാരരംഗത്തിന്റെ വളർച്ചയിൽ ബാങ്കുകൾ വഹിക്കുന്ന നിർണായക പങ്ക് ചർച്ചയായി. പ്രാദേശികതലത്തിൽ വ്യാപാര-വ്യവസായങ്ങൾ തുടങ്ങുന്നത് എങ്ങനെ കൂടുതൽ എളുപ്പമാക്കാം എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു ചർച്ച.
ചെറുകിട വ്യവസായങ്ങളുടെ സമഗ്രമായ വളർച്ചയ്ക്ക് ബാങ്കുകളുടെ പങ്ക് വളരെ വലുതാണെന്നും അതിനായി കൂടുതൽ ക്രിയാത്മകമായ നിലപാടുകൾ സ്വീകരിക്കാൻ എല്ലാ ബാങ്കുകളും തയാറാകണമെന്നും മീഡിയ കോൺക്ലേവ് വിലയിരുത്തി. പങ്കെടുത്ത എല്ലാ പ്രതിനിധികളും ഈ അഭിപ്രായത്തോട് യോജിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ. എ.പി.എം മുഹമ്മദ് ഹനീഷ് മാധ്യമസംഗമം ഉദ്‌ഘാടനം ചെയ്തു .
പരിപാടിയുടെ രണ്ടാം ദിവസമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് പുറമെ വ്യവസായ മന്ത്രി പി. രാജീവ്, ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, റവന്യു മന്ത്രി കെ. രാജൻ, പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ ഇന്ത്യക്കകത്ത് നിന്നും പുറത്തുനിന്നുമുള്ള വ്യവസായപ്രമുഖർ തുടങ്ങിയവരും എക്സ്പോയിൽ പങ്കെടുക്കും.
കിൻഫ്രയുടെ മാനേജിങ് ഡയറക്ടർ ശ്രീ. സന്തോഷ് കോശി തോമസ്, എക്സ്പോ ഡയറക്ടറി പുറത്തിറക്കിക്കൊണ്ടാണ് ആദ്യദിവസത്തെ പരിപാടികൾ തുടങ്ങിയത്. പിന്നീട് നടന്ന തുറന്ന ചർച്ചയിൽ കിൻഫ്ര സംരംഭക ഫോറത്തിലെ പ്രതിനിധികൾ പങ്കെടുത്തു.
കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ) മെട്രോ മാർട്ടും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്ത്യ അന്താരാഷ്ട്ര വ്യാവസായിക പ്രദർശനം, സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പ്, കേന്ദ്ര ചെറുകിട-ഇടത്തരം വ്യവസായ മന്ത്രാലയം, കിൻഫ്ര, കെ.എസ്.ഐ.ഡി.സി. എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ഇന്ത്യക്കകത്തും വിദേശത്തും വ്യാവസായിക ഉപകരണങ്ങൾ നിർമിക്കുന്ന മുന്നൂറോളം കമ്പനികൾ പങ്കെടുക്കുന്നുണ്ട്. വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, പ്രെസെന്റേഷനുകൾ, ശില്പശാലകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. വ്യവസായങ്ങൾ തുടങ്ങാനും നിലവിലുള്ളവ വികസിപ്പിക്കാനും ഉദ്ദേശിക്കുന്നവർക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനായി വിവിധ ബാങ്കുകളുടെ പ്രത്യേക ഡെസ്കുകളും സജ്ജീകരിച്ചിട്ടുണ്ട്.