അച്ഛന്‍ നല്‍കിയ ചില്ലറ പൈസകള്‍ വയനാട്ടിലെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി അശ്വതിയും അമൃതയും മാതൃകയായി. വയനാടിന്റെ ദുരന്ത ചിത്രം കണ്ട മലപ്പുറം സ്വദേശികള്‍ 2000 രൂപയാണ് എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി നീക്കിവെച്ചത്.
വയനാടിന് താങ്ങും തണലുമായി ധനസഹായ പ്രവാഹമാണ്. കുരുന്നുകള്‍ മുതല്‍ പ്രായമേറിയവര്‍ വരെ തങ്ങളുടെ കൈകളിലെ ചെറിയ തുകകള്‍ വരെ ദുരിതബാധിതര്‍ക്കായി മാറ്റിവെക്കുന്നു. ഇത്തവണ മാതൃകയായത് മലപ്പുറം പൂക്കാട്ടിരി സ്വദേശിനികളാണ്.
വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ അച്ഛന്‍ അനില്‍കുമാര്‍ ജോലി കഴിഞ്ഞ് വരുമ്പോള്‍ നല്‍കുന്ന ചില്ലറ പൈസകള്‍ മക്കളായ അശ്വതിയും അമൃതയും സ്വരുക്കൂട്ടിവെക്കും. ഇത്തവണ അങ്ങനെ ചേര്‍ത്തുവെച്ച തുക വയനാടിനായി അവര്‍ മാറ്റിവെച്ചു. മാധ്യമങ്ങളിലൂടെയും മറ്റും വയനാടിന്റെ ദുരന്ത ചിത്രം കണ്ടപ്പോള്‍ രണ്ടു പേരും ഒന്നിച്ച് തീരുമാനമെടുക്കുകയായിരുന്നു.
2000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നത്. മക്കളുടെ പ്രവര്‍ത്തിയില്‍ സന്തോഷമുണ്ടെന്ന് അച്ഛന്‍ അനില്‍കുമാര്‍ പറഞ്ഞു.അച്ഛനിലൂടെയാണ് മക്കള്‍ ഇത്തരത്തിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്.
സഹപാഠികളുടെ ഗ്രൂപ്പുകള്‍ വഴി അച്ഛന്‍ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തികള്‍ കാണാറുണ്ട്. അച്ഛന്‍ നല്‍കിയ പ്രചോദനമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തി ചെയ്യാന്‍ കാരണമായതെന്ന് അശ്വതി പറഞ്ഞു.
പഠനത്തിലും പാഠ്യേതര പ്രവര്‍ത്തികളിലും മിടുക്കികള്‍ കൂടിയാണിവര്‍. ചെന്നൈയില്‍ ബി എസ് സി നഴ്സിങ്ങ് വിദ്യാര്‍ത്ഥിയാണ് അശ്വതി. അമൃത ഇരിമ്പിളിയം എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും. സ്വരുക്കൂട്ടിയ തുക മലപ്പുറം ജില്ലാ കലക്ടറെ ഏല്‍പ്പിച്ചു.