പാലക്കാട് പട്ടാമ്പി നഗരത്തില്‍ നടപ്പാക്കുന്ന ഗതാഗത പരിഷ്‌കരണം ആശാസ്ത്രീയമാണെന്നാരോപിച്ച് യു ഡി എഫ് കൗസിലര്‍മാര്‍ രംഗത്തെത്തി. പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടും ഗതാഗത പ്രശ്നത്തിന് യാതൊരുവിധ പരിഹാരമില്ലെന്നും യു ഡി എഫ് ആരോപിച്ചു.
പട്ടാമ്പി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ട്രാഫിക് റെഗുലേറ്ററി യോഗം ചേര്‍ന്നത്. നഗരസഭയും പൊലീസും നടപ്പാക്കുന്ന ഗതാഗത പരിഷ്‌കാരങ്ങള്‍ ആശാസ്ത്രീയമാണെന്നും പുനഃപരിശോധിക്കണമെന്നുമാണ് യു ഡി എഫ് കൗണ്‌സിലര്‍മാരുടെ ആവശ്യം .
പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടും ഗതാഗത പ്രശ്നത്തിന് പരിഹാരമൊന്നും ഉണ്ടായിട്ടില്ലെന്നും യു ഡി എഫ് ആരോപിച്ചു.ഗതാഗത പരിഷ്‌കരണമെന്ന പേരില്‍ ചെയര്‍പേഴ്‌സന്റെ സ്വയംതാല്‍പര്യം മാത്രമാണ് നടക്കുന്നതെന്ന യോഗത്തില്‍ ആക്ഷേപമുയര്‍ന്നു.
അതേസമയം നഗരസഭയുടെ തീരുമാനങ്ങള്‍ ചെറുകിട കച്ചവട മേഖലയെ തകര്‍ക്കുന്നുവെന്നും പ്രശനങ്ങള്‍ പരിഹരിക്കാന്‍ എല്ലാവരെയും ഉള്‍പ്പെടുത്തി കൗണ്‍സില്‍ യോഗം ചേരണമെന്നും കോണ്ഗ്രസ്സ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് കെ ആര്‍ നാരായണസ്വാമി പറഞ്ഞു.
ട്രാഫിക് പരിഷ്‌കരണത്തില്‍ സമൂഹത്തിന്റെ സര്‍വ്വ മേഖലയിലെയും ആളുകളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണമെന്നും തീരുമാനങ്ങള്‍ പുന പരിശോധിക്കണമെന്നും മുസ്ലീംലീഗ് നേതാവ് സി എ റാസി പറഞ്ഞു.
ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നഗരസഭ കൗണ്‍സില്‍ അടിയന്തിരമായി ചേരണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസില്‍ അപേക്ഷ നല്‍കി.