Share this Article
image
മലപ്പുറം പൊന്നാനിയില്‍ മലമ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍
malaria in Malappuram Ponnani; Health workers spread preventive measures

മലപ്പുറം പൊന്നാന്നിയില്‍ മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് രക്തസാമ്പിളുകളുടെ  പരിശോധന ഊര്‍ജിതമാക്കി. ജില്ലയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മലപ്പുറത്ത് 3 പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വീടുകള്‍ കേന്ദ്രീകരിച്ച് ജനങ്ങളുടെ രക്തസാമ്പിളുകള്‍ പരിശോധനക്കയക്കുന്നത്. റാപ്പിഡ് പരിശോധനയില്‍ പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തില്ലെങ്കിലും പരിശോധന തുടരുമെന്നാണ് ആരോഗ്യ വിഭാഗം അറിയിച്ചിരിക്കുന്നത്.

കൂടാതെ എച്ച്1എന്‍1 പ്രതിരോധത്തിന്റെ ഭാഗമായി പനി സര്‍വേയും പ്രതിരോധ മരുന്നു വിതരണവും, പ്രദേശത്തുള്ളവര്‍ മാസ്‌ക്ക് ധരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേ സമയം പ്രദേശത്ത് മലമ്പനി പ്രതിരോധത്തിനായി നഗരസഭയും ആരോഗ്യ വകുപ്പും വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റും സംയുക്തമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി വകുപ്പുതല മേധാവികളുടെ അടിയന്തര യോഗം ചേര്‍ന്നു.

കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്ന ഉറവിടങ്ങള്‍ നശിപ്പിക്കുക, വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി ജൈവ കീടനാശിനി  സ്പ്ര ചെയ്യുവാനും നിര്‍ദേശം നല്‍കി. പനി സ്ഥിരികരിച്ച 5 ആം വാര്‍ഡിനു പുറമേ 4,6,7 വാര്‍ഡുകളിലും പരിശോധന നടത്തി രോഗ നിര്‍ണയം നടത്തും.

ജില്ലയിലെ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുവാനും തീരുമാനിച്ചു. മഴയുടെ തീവ്രത കുറയുന്ന മുറയ്ക്ക് ഫോഗിംഗ് നടത്തുവാനും ഇതിനാവശ്യമായ ഫോഗിങ് മെഷിനുകള്‍ വാങ്ങുവാനും യോഗത്തില്‍ ധാരണയായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories