തൃശ്ശൂർ ചാവക്കാട് സ്വദേശി ഹബ്രൂഷ് എന്ന യുവാവിന്റെ തല മിടുക്കിൽ പിറന്നത് മനോഹര ഗാനം.. ആലപിച്ചതും ട്യൂൺ ചെയ്തതും ഓർക്കസ്ട്രേഷൻ നടത്തിയതുമെല്ലാം നിർമിത ബുദ്ധിയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയാണ്..
ചാവക്കാട് കടപ്പുറം പുന്നക്കച്ചാൽ സ്വദേശിയാണ് ഗ്രാഫിക് ഡിസൈനറായ ഹബ്രൂഷ്. സംഗീതത്തിൽ താൽപര്യമുള്ളത് കൊണ്ട് തന്നെ നാലുവർഷം മുമ്പ് പൂർത്തിയാക്കിയ വരികൾ ഒരു ഗാനമാക്കിയാലോ എന്ന ഹബ്രൂഷിന്റെ ചിന്തയാണ് ഈ ഗാനത്തിന് വഴിയൊരുക്കിയത്.
ഗ്രാഫിക് ഡിസൈനിംഗ് ആവശ്യങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ഉപയോഗിക്കാറുള്ളത് കൊണ്ട്, ഗാനം ചിട്ടപ്പെടുത്താനും എ.ഐ ടൂളുകൾ ഉപയോഗിക്കാമെന്ന് ഹബ്രൂഷ് കരുതി. അങ്ങിനെ എ.ഐ ടൂളിൽ
വരികൾ നൽകി. പിന്നെ പാട്ടൊരുക്കാനുള്ള വഴികൾ തേടി എ.ഐ ടൂളുകളിലൂടെ ചുറ്റിക്കറങ്ങി. ഒടുവിൽ സൂഫി ചിന്തകളെ ഓർമ്മിപ്പിക്കുന്ന മനോഹരമായ മുസ്ലിം ഭക്തിഗാനം പിറന്നു. ലെമൻ ട്രീ എന്ന തന്റെ സ്ഥാപനത്തിനു വേണ്ടി മുമ്പ് ചെറിയൊരു പരസ്യ ഗാനവും. എ.ഐ ടൂളുകൾ ഉപയോഗിച്ച് ഹബ്രൂഷ് കംപോസ് ചെയ്തിരുന്നു. ഇത് പ്രതീക്ഷിച്ച പോലെ ഫലം ലഭിക്കുകയും ചെയ്തു.
അങ്ങിനെയാണ് താനെഴുതിയ വരികൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വഴി ഗാനമാക്കിയാലോ എന്ന ചിന്തയുദിച്ചതെന്ന് ഹബ്രൂഷ് പറഞ്ഞു.സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ കവിതകൾ എഴുതാറുള്ള ഹബ്രൂഷ് ഇപ്പോൾ ചാവക്കാട് മുല്ലത്തറയിൽ ലെമൺ ട്രീ എന്ന ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം നടത്തുകയാണ്.