മഴക്കാലത്ത് സജീവമാകുകയും വേനൽക്കാലത്ത് മെലിഞ്ഞുണങ്ങുകയും ചെയ്യുന്ന പാറക്കുളങ്ങൾ വ്യാപകമായി മാലിന്യം പേറുന്നു. മനുഷ്യരുടെ ഇടപെടലാണ് ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള പാറക്കുളങ്ങൾ മലിനമാകാൻ കാരണമാവുന്നത്.
മാലിന്യം പേറുന്ന കുളങ്ങളാണ് അമീബിയ മസ്തിഷ്ക ജ്വരം ഉൾപ്പെടെയുള്ള രോഗവാഹകരാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.കഴിഞ്ഞ ദിവസം കാരക്കുണ്ട് വെള്ളച്ചാട്ടത്തിൽ കുളിച്ച മൂന്നര വയസുകാരന് രോഗബാധയുണ്ടായിരുന്നു.
മുകളിലെ പാറക്കുളമാണ് വെള്ളച്ചാട്ടത്തിൻ്റെ പ്രഭവസ്ഥാനം. അതു കൊണ്ടു തന്നെ കുളത്തിലുണ്ടാവുന്ന മാലിന്യം വെള്ളച്ചാട്ടത്തെയും മലിനപ്പെടുത്തുന്നു.ഇതറിയാതെയാണ് സഞ്ചാരികൾ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നത്.
പാറക്കുളങ്ങളിൽ പലരും കുളിക്കുകയും വണ്ടിയിറക്കി കഴുകുകയും പതിവാണ്. മാത്രമല്ല, വിശാലമായ പാറയായതിനാൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതും പതിവാണ്. കുളത്തിൽ തന്നെ മാലിന്യങ്ങൾ വലിച്ചെറിയുന്നു.
പാറപ്പുറത്ത് എറിയുന്നവയും ഒഴുകി കുളത്തിലെത്തുന്നു.ചെങ്കൽ ഖനനം വ്യാപകമായതോടെയാണ് മലിനീകരണം വർദ്ധിച്ചത്.തൊഴിലാളികൾ കുളിക്കുന്നതിനും അലക്കുന്നതിനും പുറമെ ടിപ്പർ ലോറികൾ കഴുകുകയും ചെയ്യുന്നു.
ചെങ്കൽ ഖനനം വ്യാപിച്ചതോടെ ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള പല പാറക്കുളങ്ങളും ഇല്ലാതായി. പലതും മെലിഞ്ഞുണങ്ങി.വേനൽക്കാലങ്ങളിൽ ജല സമൃദ്ധമായ കുളങ്ങൾ ഇപ്പോൾ ഇല്ല. വെള്ളം കുറയാൻ തുടങ്ങിയതും മാലിന്യം വർദ്ധിക്കാൻ കാരണമായി.
അതു കൊണ്ടു തന്നെ ഇവ സംരക്ഷിക്കാൻ നടപടി ഉണ്ടാവണമെന്നും മലിനീകരണം തടഞ്ഞ് താഴ് വരയിലെ ജനങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യം ശക്തമാണ്.