കണ്ണൂർ: കണ്ണൂർ കളക്ടറുടെ മൊഴി പുറത്ത്. ദിവ്യയുടെ ആരോപണത്തിനു പിന്നാലെ എഡിഎം ചേംബറിലെത്തി കണ്ടുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയത്. തെറ്റ് പറ്റിയെന്നാണ് നവീന്‍ ബാബു പറഞ്ഞത്. ഇത് കോഴ വാങ്ങിയതാണെന്ന് വ്യാഖ്യാനിക്കാനാകില്ലെന്നാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി വിധിയില്‍ പറയുന്നത്.
ദിവ്യയുടെ ആരോപണത്തിനു ശേഷം ചേംബറിലെത്തി എഡിഎം കളക്ടറെ കണ്ടിരുന്നു. അപ്പോഴാണ് തനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞത്. ഇത് കോഴ വാങ്ങിയതാണെന്ന് വ്യാഖ്യാനിക്കാനാവില്ല. പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കണം. രാജ്യത്ത് അത്തരത്തില്‍ നിരവധി സംവിധാനങ്ങളുണ്ട്. നിയമം ആര്‍ക്കും കയ്യിലെടുക്കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു.
ആദരണീയ ഉന്നത ഉദ്യോഗസ്ഥനായ നവീന്‍ ബാബുവിനെ അപമാനിക്കാന്‍ ദിവ്യ ആസൂത്രിതമായി പദ്ധതിയിട്ടു. രാഷ്ട്രീയ സ്വാധീനമുള്ള ദിവ്യ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ദിവ്യയ്ക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശമാകുമെന്നുമാണ് കോടതി വിലയിരുത്തിയത്. അഴിമതിക്ക് എതിരായ സദുദ്ദേശ്യ പരാമര്‍ശത്തെ ആത്മഹത്യാ പ്രേരണയായി കാണരുതെന്ന ദിവ്യയുടെ വാദം കോടതിയില്‍ വിലപ്പോയില്ല. 38 പേജുള്ള വിധിയില്‍, ദിവ്യയുടെ പ്രസംഗം ആസൂത്രിതമെന്ന് കോടതി വ്യക്തമാക്കി. ജാമ്യം നല്‍കിയാല്‍ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ദിവ്യയുടെ പ്രസംഗത്തോടെ പ്രവര്‍ത്തകരുടെ മുന്നില്‍ എഡിഎം നവീന്‍ ബാബു അപമാനിതനായെന്നും കോടതി നിരീക്ഷിച്ചു.