കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടറെ ന്യായീകരിച്ച് സൂപ്രണ്ടിന്റെ റിപ്പോർട്ട്. കുട്ടിയുടെ നാവിലെ പ്രശ്നം ഉണ്ടായിരുന്നു എന്നാണ് സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അതേസമയം വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ ബോർഡ് രൂപീകരിക്കും. മെഡിക്കൽ ബോർഡ് യോഗത്തിനുശേഷമായിരിക്കും ഡോക്ടറെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് പൊലീസ് നീങ്ങുക.
കേരളീയ മനസ്സാക്ഷിയെ ഒന്നാകെ ഞെട്ടിച്ച അവയവം മാറി ശസ്ത്രക്രിയയിൽ ഡോക്ടറെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി ഉള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു. അതിനെ സാധൂകരിക്കുന്ന വിധത്തിലുള്ള റിപ്പോർട്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം മെഡിക്കൽ സൂപ്രണ്ട് ആരോഗ്യവകുപ്പിന് സമർപ്പിച്ചിരിക്കുന്നത്.
കുട്ടിയുടെ നാവിന് കെട്ടുണ്ടായിരുന്നു എന്നും പ്രശ്നമുണ്ട് എന്നുകരുതിയാണ് നാവിന് ശാസ്ത്രക്രിയ നടത്തിയത് എന്നുമാണ് റിപ്പോർട്ടിൽ സൂപ്രണ്ട് ഉന്നയിക്കുന്ന വാദം. കഴിഞ്ഞ മെയ് 16നാണ് ചെറുവണ്ണൂർ മധുര ബസാറിലെ നാലു വയസ്സുകാരിക്ക് ഇടതു കൈവിരലിലെ അധികമായുള്ള ആറാം വിരൽ നീക്കം ചെയ്യാനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നത്.
എന്നാൽ വിരലിന് ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം നാവിനായിരുന്നു ആദ്യം ശസ്ത്രക്രിയ നടത്തിയത്. ബന്ധുക്കൾ പിഴവ് ശ്രദ്ധയിൽപ്പെടുത്തിയതോടെ അരമണിക്കൂറിനുള്ളിൽ രണ്ടാമത്തെ ശസ്ത്രക്രിയയും നടത്തി. തെറ്റു പറ്റിയ ഡോ.ബിജോൺ ജോൺസൺ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ കുട്ടിയുടെ കുടുംബാംഗങ്ങൾക്ക് മാപ്പ് എഴുതി നൽകുകയും ചെയ്തിരുന്നു. പിന്നാലെ ആരോഗ്യ വകുപ്പ് ഡോക്ടറെ അന്വേഷണവിധേയമായി സസ്പെൻഡും ചെയ്തു.
കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ഡോക്ടർക്കെതിരെ കേസ് എടുത്തിരുന്നു. ആരോഗ്യവകുപ്പും അന്വേഷണം പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിച്ചത്.
സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്ന അതേ വാദം കഴിഞ്ഞദിവസം കെജിഎംസിടിഎയും ഉന്നയിച്ചിരുന്നു. ഇതോടെ ഡോക്ടറെ രക്ഷിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് നടക്കുന്നതെന്ന ആരോപണവും ശക്തിപ്പെടുകയാണ്.
അതിനിടെ ചികിത്സാ രേഖകൾ ഇന്ന് പൊലീസ് ശേഖരിക്കും. ഇക്കാര്യം പരിശോധിച്ച ശേഷം മാത്രമേ ഡോക്ടറെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള തുടർനടപടികളിലേക്ക് പ പൊലീസ് കടക്കുകയുള്ളൂ.