സന്നിധാനത്ത് ഏറ്റവും പ്രയാസകരമായ ജോലി ചെയ്യുന്നവരാണ് പതിനെട്ടാം പടിയിലെ പൊലീസുകാർ. ദർശനത്തിനെത്തുന്നവരെ സുരക്ഷിതമായി പടി കയറ്റുന്നത് ഒരേ സമയം പതിനഞ്ച് പൊലീസുകാർ ചേർന്നാണ്.
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ തീർത്ഥാടകരെ സുരക്ഷിതമായി പതിനെട്ടാം പടി കയറ്റുക, നിസാരമല്ല, ഒരേ മനസോടെ പതിനഞ്ച് പൊലീസുകാരുൾപ്പെടുന്ന സംഘമാണ് ഇരുന്നും നിന്നും ഭക്തരെ പടി കയറ്റാൻ സഹായിക്കുന്നത്. ഒരോ പതിനഞ്ച് മിനിട്ട് കഴിയുമ്പോഴും അടുത്ത 15 പേർ ഊഴം കാത്തു നിൽക്കും. പടിയിൽ ഭക്തരെ കയറ്റുന്നതിന് 135 പേരാണ് ഒരു ഘട്ടത്തിൽ ഉണ്ടാവുക.
പടികയറ്റത്തിന് തടസമില്ലാതെയാണ്, നിലവിലുള്ള പതിനഞ്ച് പേർ മാറുന്നതും അടുത്ത ബാച്ച് കയറുന്നതും. മികച്ച കായിക ക്ഷമതയുള്ളവരെയാണ് പതിനെട്ടാംപടിയിലെ സേവനങ്ങള്‍ക്കായി നിയോഗിക്കുന്നത്. ദർശനത്തിനെത്തുന്നവർക്ക് വലിയ ആശ്വാസമാണ് പതിനെട്ടാം പടിയിലെ പൊലീസ് അയ്യപ്പന്മാർ.