കണ്ണൂർ: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഇന്ന് ആറ് പേർ മുങ്ങി മരിച്ചു. കണ്ണൂർ ജില്ലയിൽ തന്നെ ഇന്ന് മൂന്ന് പേർ മുങ്ങി മരിച്ചു. കേളകം കുണ്ടേരി ആഞ്ഞലി കയത്തിൽ അകപ്പെട്ട യുവാവ് മുങ്ങി മരിച്ചു.നെല്ലിക്കുന്ന് സ്വദേശി ശാസ്‌താംകുന്നേൽ ജെറിൻ ജോസഫ് (27) ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു.
ഇരിട്ടിക്കടുത്ത് ചരൾ പുഴയിൽ കണ്ണൂർ സ്വദേശികളായ രണ്ടു പേർ മുങ്ങിമരിച്ചു. കണ്ണൂർ കൊറ്റാളിയിലെ വയലിൽകൊല്ലാട്ട് വിൻസന്റ് (42), അയൽവാസി ആൽബിൻ (9) എന്നിവരാണ് മരിച്ചത്.
ഇരട്ടിക്കടുത്താണ് ചരൾ പുഴ. വിൻസന്റിന്റെ ചരളിലുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇവർ. പുഴയിൽ അകപ്പെട്ട ആൽബിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു വിൻസന്റും മുങ്ങിപ്പോയത്.
കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മുന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസ് (17), പതിമൂന്ന് വയസ്സുകാരായ യാസിന്‍, സമദ് എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്.
ജ്യേഷ്ഠാനുജന്‍മാരുടെ മക്കളാണ് പുഴയില്‍ അപകടത്തില്‍പ്പെട്ടത്. അവധി ദിവസമായതിനാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂവരും ആഴമുള്ള ഭാഗത്ത് എത്തിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.മൂന്നു പേരുടെയും മൃതദേഹം കാസര്‍കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.