ആന എഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാർഗ്ഗരേഖക്കെതിരെ പൂരപ്രേമി സംഘം തൃശ്ശൂരിൽ പ്രതീകാത്മക പൂരം സംഘടിപ്പിച്ചു.. വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നടയിൽ ആനയ്ക്ക് പകരം ആളുകൾ നെറ്റിപ്പട്ടം പിടിച്ച് നിരന്ന് നിന്നായിരുന്നു പ്രതീകാത്മക പൂരം നടത്തിയത്..
ആന എഴുന്നള്ളിപ്പിൽ ദൂരപരിധി അടക്കം നിശ്ചയിച്ചുള്ള മാർഗരേഖയിലാണ് പൂരപ്രേമികളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയരുന്നത്. ആനയും ആളുകളും തമ്മിൽ എട്ടു മീറ്റർ ദൂരം പാലിക്കണമെന്ന് നിർദ്ദേശപ്രകാരം ഒരു പൂരവും നടത്താൻ സാധിക്കില്ലെന്നാണ് പൂരപ്രേമി സംഘം പറയുന്നത്. പൂരം നടത്തിനിപ്പിനെതിരെയുള്ള നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 'പൂരോത്സവ കൂട്ടായ്മ' എന്ന പേരിലാണ് പൂരപ്രേമി സംഘം പ്രതീകാത്മകപൂരം നടത്തിയത്.
ഹൈക്കോടതിയുടെ പുതിയ മാർഗരേഖ തൃശൂർ പൂരത്തിന്റെ മാത്രമല്ല, എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങളെ അലങ്കോലപ്പെടുത്തുന്ന സാഹചര്യമുണ്ടാകുമെന്ന് മുൻമന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു. ഹൈക്കോടതി നിർദേശം പ്രായോഗികമായ രീതിയിലേക്ക് മറികടക്കാനുള്ള നിയമനിർമാണം നടത്താൻ കഴിയുമോ എന്ന് സംസ്ഥാന സർക്കാർ അടിയന്തരമായി ആലോചിക്കണമെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു..
ആനയും ആളുകളും തമ്മിൽ എട്ടു മീറ്റർ ദൂരം പാലിക്കണമെന്ന് നിർദ്ദേശപ്രകാരം തെക്കോട്ടിറക്കം, മഠത്തിൽ വരവ് തുടങ്ങി പൂരം തന്നെ നടത്താൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് തിരുവമ്പാടി ദേവസ്വവും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.