വയനാട്ടില്‍ പ്രകൃതി ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ഒരു ദിവസത്തെ വേതനം നല്‍കി ആനിക്കാട് ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരു വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഒന്നിച്ച് വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് സഹായം നല്‍കുന്നത്.
ആരും പറഞ്ഞിട്ടോ നിര്‍ബന്ധിച്ചിട്ടോ അല്ല, വയനാട്ടിലെ സഹോദരങ്ങളുടെ ദുരിതം കണ്ടപ്പോള്‍ തങ്ങളാല്‍ കഴിയുംവിധം സഹായിക്കണമെന്ന് കൂട്ടായി തീരുമാനിച്ചതാണ്. പിന്നാലെ തങ്ങളുടെ ആഗ്രഹം തൊഴിലുറപ്പ് തൊഴിലാളികള്‍ ഗ്രാമപഞ്ചായത്ത് അംഗം അജി കല്ലുപ്പുരയെ അറിയിക്കുകയായിരുന്നു.
കുടുംബം പുലര്‍ത്താനായി തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന 40 ഓളം തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരു ദിവസത്തെ വേതനം വയനാടിനായി നല്‍കിയത്. തങ്ങള്‍ ശേഖരിച്ച തുകയുടെ ചെക്ക് തൊഴിലാളികള്‍ അജി കല്ലുപ്പുരയെ ഏല്‍പ്പിച്ചു.
സംഭാവനയായി നല്‍കിയ തുക ചെറുതാണെങ്കിലും ദുരിതത്തില്‍ കഴിയുന്നവരെ ചേര്‍ത്തുപിടിക്കാനുള്ള ഈ തൊഴിലാളികളുടെ മനസ് അനുകരണീയമായ മാതൃകയാണ്. കഷ്ടത നിറഞ്ഞ ജീവിതത്തിനിടയിലും ഒരു ദിവസത്തെ വേതനം നല്‍കാനുള്ള ഇവരുടെ തീരുമാനം അറിഞ്ഞ് ഗ്രാമപഞ്ചായത്ത് അംഗം അജി കല്ലുപ്പുര തന്റെ ഒരു മാസത്തെ വേതനം മാത്യു ടി തോമസ് എം എല്‍ എ യെ ഏല്‍പ്പിച്ചു.
13ാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനം അനുകരിക്കാന്‍ ഒരുങ്ങുകയാണ് മറ്റ് വാര്‍ഡുകളിലെയും തൊഴിലാളികള്‍. തൊഴിലുറപ്പ് തൊഴിലാളികളായ സജിത പി ജോണ്‍, രാജമ്മ രവി, ലാലി രാജു എന്നിവരുടെ നേത്യത്തിലാണ് വയനാട്ടിലെ ദുരിത ബാധിതര്‍ക്കുളള ഫണ്ട് ശേഖരിച്ചത്.