Share this Article
ഭീതിപരത്തി പടയപ്പ
Padayappa

മൂന്നാറില്‍ ജനവാസ മേഖലയില്‍ നിന്നും പിന്മാറാതെ പടയപ്പ. തലയാര്‍ എസ്റ്റേറ്റില്‍ ഭീതി പടര്‍ത്തി, ഓട്ടോറിക്ഷയ്ക്ക് നേരെ ആക്രമണം.

മൂന്നാറിലെ ജനവാസ മേഖലയിലൂടെ ചുറ്റിത്തിരിഞ്ഞിരുന്ന കാട്ടുകൊമ്പന്‍ പടയപ്പ ഒരിടവേളക്ക് ശേഷം വീണ്ടും മറയൂര്‍ മേഖലയില്‍ എത്തി.മറയൂരിന് സമീപം തലയാര്‍ എസ്റ്റേറ്റിലാണ് കാട്ടുകൊമ്പന്‍ പടയപ്പ ഇന്നലെ രാത്രിയില്‍ ഇറങ്ങിയത്.രാത്രി മുഴുവനും പ്രദേശത്ത് കാട്ടാന ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.

നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് പടയപ്പ കേടുപാടുകള്‍ വരുത്തി.ജനവാസ മേഖലക്ക് സമീപം തന്നെ കാട്ടാന നിലയുറപ്പിച്ചിരിക്കുകയാണ്. മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ കാട്ടാന ശല്യം ആളുകളുടെ ഉറക്കം കെടുത്തുന്നുണ്ട്. ഇതിനൊപ്പമാണ് കാട്ടുകൊമ്പന്‍ പടയപ്പ കൂടി മറയൂര്‍ മേഖലയിലേക്ക് എത്തിയിട്ടുണ്ട്.നാളുകള്‍ക്ക് മുമ്പ് മറയൂര്‍ മേഖലയില്‍ എത്തിയ പടയപ്പ പ്രദേശത്ത് നാശം വരുത്തിയിരുന്നു.പിന്നീട് കാട്ടുകൊമ്പന്‍ മൂന്നാര്‍ മേഖലയിലേക്ക് മടങ്ങിയെത്തി.

മറയൂര്‍ മേഖലയിലെ കാട്ടാന ശല്യം പ്രതിരോധിക്കാന്‍ വനം വകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ജീവനില്‍ ഭയന്നാണ് തങ്ങള്‍ കഴിഞ്ഞുകൂടുന്നതെന്നും കുടുംബങ്ങള്‍ പറയുന്നു. മുമ്പ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കാട്ടാനകളെ തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിച്ചെങ്കിലും പ്രതിഷേധം അവസാനിച്ചതോടെ നടപടികളും അവസാനിപ്പിച്ചുവെന്നും ആക്ഷേപം ഉയരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories