തിരുവനന്തപുരം വര്‍ക്കല ചിലക്കൂരില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ വീടുകള്‍ക്ക് നാശനഷ്ടം. ചിലക്കൂര്‍ ഫിഷര്‍മാന്‍ കോളനിയിലും ചേലക്കരയിലുമാണ് ശക്തമായ കാറ്റ് നാശം വിതച്ചത്. ആളപായമില്ല.
ശക്തമായ കാറ്റില്‍ മൂന്നുവീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 50 ഓളം വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു.പ്രദേശത്തെ 200ലധികം മരങ്ങള്‍ കടപുഴകി ഒടിഞ്ഞുവീണു. വിവിധയിടങ്ങളില്‍ വൈദ്യുത കമ്പി പൊട്ടി വൈദ്യുതി ബന്ധവും നിലച്ചിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് പ്രദേശത്ത് ശക്തമായ കാറ്റ് വീശിയത്. മൂന്നുമിനിട്ടോളം മാത്രം നീണ്ട കാറ്റ് പ്രദേശത്ത് ഭീകരാന്തരീക്ഷമുണ്ടാക്കി.
മരങ്ങളും ചില്ലകളും വീടുകള്‍ക്ക് മുകളിലേക്കും റോഡിലേക്കും വീണു. ഷീറ്റിട്ട വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുമാറി. ചിലക്കൂര്‍ ജമാഅത്ത് പള്ളിക്ക് സമീപം ഫിഷര്‍മെന്‍ കോളനി ഭാഗത്ത് 30 ഓളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.
ചാലക്കരയില്‍ അഞ്ചും വീടുകള്‍ക്കാണ് നാശമുണ്ടായത്. സിമന്റ് ഷീറ്റുകളും തകര ഷീറ്റും പാകിയ ഒട്ടുമിക്ക വീടുകളുടെയും മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. വീടുകള്‍ക്ക് വിള്ളല്‍ വീണു. ശക്തമായ കാറ്റില്‍ വീടുകളുടെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ഇലക്രോണിക് സാധനങ്ങള്‍ നശിച്ചു. ഇട റോഡുകളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.