വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട ഉറ്റവരെ കണ്ടെത്താനാകാതെ ആശങ്കപേറുന്ന നിരവധിയാളുകള്‍ ഉണ്ട്. ഉരുള്‍പൊട്ടല്‍ മേഖലയില്‍ തൊഴിലെടുത്തിരുന്ന തന്റെ മാതാപിതാക്കളേയും സഹോദരങ്ങളേയും ദുരന്തശേഷം ബന്ധപ്പെടാനാകാത്തതിന്റെ ആശങ്കയിലാണ് ഇടുക്കി മൂന്നാര്‍ ചെണ്ടുവരൈ എസ്റ്റേറ്റില്‍ തൊഴിലെടുക്കുന്ന ബീഹാര്‍ സ്വദേശി രവി റോഷന്‍ കുമാര്‍. ഉറ്റവരെ തേടി രവി റോഷന്‍ കുമാറും ദുരന്തഭൂമിയിലേക്ക് പോയി കഴിഞ്ഞു.
മൂന്നാര്‍ ചെണ്ടുവരൈ എസ്റ്റേറ്റിലെ സ്വകാര്യകമ്പനി ജീവനക്കാരനാണ് രവിരോഷന്‍കുമാര്‍. അഞ്ച് വര്‍ഷത്തോളമായി കുടുംബമൊത്ത് മൂന്നാറിലാണ് താമസം. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട വയനാട് ചൂരല്‍മലയില്‍ രവിരോഷന്‍കുമാറിന്റെ മാതാപിതാക്കളും സഹോദരങ്ങളുമുണ്ടായിരുന്നു.
എന്നാല്‍ ദുരന്തശേഷം തന്റെ മാതാപിതാക്കളേയും സഹോദരങ്ങളേയും ഫോണില്‍ ബന്ധപ്പെടാനാകാത്തതിന്റെ ആശങ്കയിലാണ് ഈ ബീഹാര്‍ സ്വദേശി.തന്റെ പിതാവ് ദുരന്തം കവര്‍ന്ന മേഖലയില്‍ ഒരു ചായക്കടയില്‍ തൊഴില്‍ എടുത്തിരുന്നതായും മാതാവ് തേയില ഫാക്ടടറിയില്‍ ജോലി ചെയ്തിരുന്നതായും രവിരോഷന്‍കുമാര്‍ പറയുന്നു.
ദുരന്തശേഷം ഉറ്റവര്‍ ഫോണ്‍ വിളിച്ചിട്ടെടുക്കാതായതോടെ രവിരോഷന്‍കുമാറിന്റെ മനസ്സില്‍ ആകെ ആശങ്കയാണ്. അധികൃതരുടെ അനുമതിയോടെ ഉറ്റവരെ തേടി രവിരോഷന്‍കുമാറും വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് പോയി കഴിഞ്ഞു.