തൃശൂര്‍ തിരുവില്വാമലയില്‍ എട്ടുവയസുകാരി മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് രാസപരിശോധനാഫലം. കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയുടെ മരണം പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് സൂചന. കഴിഞ്ഞ എപ്രില്‍ മാസത്തിലായിരുന്നു സംഭവം.
രാത്രി വീട്ടിലിരുന്ന് കുട്ടി മൊബൈലില്‍ വീഡിയോ കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കുട്ടിയുടെ മരണകാരണത്തില്‍ സംശയം പ്രകടപ്പിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായതല്ലെന്ന് ഫോറന്‍സിക് സര്‍ജന്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും രാസപരിശോധക്ക് അയക്കുകയും ചെയ്തു.
രാസപരിശോധനാഫലം വന്നതോടെ പൊട്ടാസ്യം ക്ലോററ്റിന്റെ സള്‍ഫറിന്റെയും സാന്നിധ്യം കണ്ടെത്തി. ഇത് പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അപകടമുണ്ടായതാവാം എന്നാണ് പൊലീസിന്റെ സംശയം. കുട്ടിക്ക് പന്നിപ്പടക്കം കിട്ടിയപ്പോള്‍ അത് കടിച്ചതാകാം മരണം കാരണമെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ അന്വേഷണം ആരംഭിച്ചു.