കൊട്ടിയൂര്‍ വീണ്ടുമൊരു വൈശാഖമഹോത്സവനാളിലൂടെ കടന്നുപോകുകയാണ്. ഉത്സവകാലത്ത് ദക്ഷിണകാശിയായ കൊട്ടിയൂര്‍ തൊഴുത് മടങ്ങുന്നവര്‍ ഒരു കൊട്ടിയൂര്‍ കാലത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഓടപ്പൂവെന്ന പൂവല്ലാ പൂവിനെ വാങ്ങുന്നത്. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത അപൂര്‍വതകളെല്ലാം ഉള്ള ക്ഷേത്രമാണ് കൊട്ടിയൂര്‍.
കൊട്ടിയൂരെത്തിയെന്ന് ആദ്യമറിയിക്കുന്നത് വഴിക്കിരുവശവും തൂക്കിയിട്ടിരിക്കുന്ന ഓടപൂക്കളാണ്. വെള്ളനിറത്തിലുള്ള താടിപോലെ ഉള്ള ഓടപ്പൂക്കള്‍.
ദക്ഷയാഗം നടത്തിയ ദക്ഷന്റെ ദീക്ഷയാണ് ഓടപ്പൂ എന്നാണ് ഓടപ്പൂവിന് പിന്നിലെ ഒരു ഐതിഹ്യം. മറ്റൊന്ന് ദക്ഷയാഗാചാര്യനായ ഭൃഗു മഹര്‍ഷിയുടെ താടിരോമമാണെന്നത് മറ്റൊരു ഐതിഹ്യം.
കാനന ക്ഷേത്രമായ കൊട്ടിയൂരില്‍ ഓടപ്പൂ നിര്‍മിക്കുന്നത് കാട്ടില്‍ നിന്നും ശേഖരിക്കുന്ന ഓടകളില്‍ നിന്നാണ്. സങ്കീര്‍ണമായാണ് ഇതിന്റെ നിര്‍മാണരീതിയും. മൂപ്പ് എത്താത്ത ഓടയുടെ ഇളം തണ്ടിന്റെ പുറമെയുള്ള പച്ച നിറമുള്ള തൊലി ചെത്തിക്കളയുന്നു. ശേഷം ബാവലിയില്‍ നിന്നെടുക്കുന്ന കല്ലാല്‍ ചതച്ച് ഓടയുടെ ജലാംശം മുഴുവന്‍ കളയും. പിന്നീട് ഇരുമ്പില്‍ നിര്‍മ്മിച്ച ആയുധം ഉപയോഗിച്ച് പലയാവര്‍ത്തി ചീകി ഇതിനെ ഓടപ്പൂക്കളാക്കുന്നു. വയനാട് അതിര്‍ത്തിയില്‍ നിന്നും കൊട്ടിയൂരില്‍ നിന്നുമാണ് ഓടകള്‍ ശേഖരിക്കുന്നത്. പൂര്‍ണമായും ഒരു മെയ്ഡ് ഇന്‍ കൊട്ടിയൂര്‍ ഉത്പന്നമാണ് ഇന്ത്യയില്‍ ഒരു ക്ഷേത്രത്തിലുമില്ലാത്ത ഈ ഓടപ്പൂ പ്രസാദം. കൊച്ചുകുട്ടികള്‍ മുതല്‍ ഇതിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമാകും.
വൈശാഖമഹോത്സവസമയത്ത് മാത്രമാണ് ഈ ക്ഷേത്രമില്ലാ ക്ഷേത്രത്തില്‍ മനുഷ്യസാന്നിധ്യമുണ്ടാകുക. സതീ വിരഹത്താല്‍ വൈരാഗിയായ ശൈവസാന്നിധ്യം സ്വയംഭൂവായി കുടികൊള്ളുന്ന കൊട്ടിയൂര്‍ വല്ലാത്ത ഒരു അനുഭവമാണ്. മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത പ്രകൃതിയും മനുഷ്യനുമൊന്നെന്ന ബോധ്യത്തിന്റെ ഊഷ്മളതയാണ് കൊട്ടിയൂരില്‍. നീരൊഴുകുന്ന ബാവലിയും അനുഗ്രഹമായി പെയ്തിറങ്ങുന്ന മഴയും മടങ്ങുമ്പോള്‍ കയ്യില്‍ കരുതുന്ന ഓടപ്പൂവും ഒരു കൊട്ടിയൂര്‍ കാലത്തിന്റെ ഓര്‍മ്മയാണ്. അനുഗ്രഹവും.
Kottiyoor Vysakha Mahotsavam 2024; Here is the details of Oda poov and major events, pooja an other details in Malayalam