തിരുവനന്തപുരം കാട്ടാക്കടയിൽ നവവധു വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. പന്നിയോട് തണ്ണിച്ചാൻ കുഴി സ്വദേശിനി സോനയാണ് ഭർത്താവിന്റെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പതിനഞ്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സോനയുടെയും വിപിന്റെയും വിവാഹം. ഇരുവരും രണ്ട് സമുദായക്കാരാണ്. വിവാഹത്തിന് മുന്നേ ഇവർ പ്രണയത്തിൽ ആയിരുന്നു.
തുടർന്ന് വീട്ടുകാർ വിവാഹം കഴിപ്പിക്കുകയായിരുന്നു. കാട്ടാക്കടയിലെ ഒരു ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന. ഭർത്താവ് വിപിൻ ഓട്ടോ ഡ്രൈവറാണ്.
ഇന്നലെ രാത്രിയോടെ കിടപ്പ് മുറിയിൽ ആണ് സോന ആത്മഹത്യ ചെയ്തത്. മരിച്ച മുറിയിൽ ഭർത്താവ് വിപിൻ ഉണ്ടായിരുന്നു. വിപിൻ ഉറക്കത്തിൽ ആയിരുന്നു എന്നാണ് പറയുന്നത്. രാത്രി 11 ന് ഉറക്കം ഉണർന്നപ്പോൾ സോന തൂങ്ങി നിൽക്കുന്നത് ആണ് കാണുന്നത് എന്നാണ് ഭർത്താവും ബന്ധുക്കളും പറയുന്നത്.
12 മണിയോടെ സോന മരിച്ചതായി ഭർത്താവ് ഭാര്യാ മാതാവിനെ അറിയിച്ചു. ഇതിന് ശേഷം കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചു. വിപിനും അനുജൻ ഷിബിനും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് സോനയുടെ ബന്ധുക്കൾ ആരോപിച്ചു. കാട്ടാക്കട പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.