മനുഷ്യന്റെ വൈരാഗ്യത്തിനും വെറുപ്പിനും പ്രകൃതി നല്‍കിയ ശിക്ഷയാവാം വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ എന്ന് തോന്നിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ തെരച്ചിലില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ച കത്ത്.
ശ്രമകരമായ രക്ഷാപ്രവര്‍ത്തനത്തിനിടെ തകര്‍ന്ന അലമാരയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഒരു കത്ത് കിട്ടി. അത് ഒരു പരാതി കത്തായിരുന്നു. വിഷയം വഴിത്തര്‍ക്കം. വേലിക്കല്ലുകള്‍ അടുത്ത പറമ്പുകാരന്റെ പറമ്പിലേക്ക് കയറ്റി വച്ചു എന്നതായിരുന്നു തർക്കത്തിനുള്ള കാരണം എന്ന് കത്ത് പൂര്‍ണമായി വായിച്ചപ്പോള്‍ മനസിലായി.
ആ പരാതിയില്‍ പറഞ്ഞ ഇരു കൂട്ടരും ഇന്ന് മണ്ണിനടിയിലാണ്. പരിക്ക് പറ്റാത്ത പരാതി പത്രം മാത്രം ബാക്കി. തര്‍ക്കത്തില്‍ ഉണ്ടായിരുന്ന വേലിക്കല്ലും ,ഇരു പറമ്പും ഒരു മൈതാനം പോലെയായി. വാശിയും ,വൈരാഗ്യവും, തര്‍ക്കവും ജീവിതത്തിന്റെ ഭാഗമായി കൊണ്ട് നടക്കുന്ന മനുഷ്യര്‍ക്ക് വയനാട് ദുരന്തഭൂമി ഒരു പാഠമാണ്.