Share this Article
ICU പീഡന കേസ്; ഡോ.കെ.വി.പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ICU torture case; Order for re-investigation against Dr. KV Preethi

ഐ.സി.യു പീഡന കേസില്‍ ഡോ.കെ.വി.പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്. ഉത്തര മേഖല ഐജി കെ.സേതുരാമനാണ് ഉത്തരവിട്ടത്. നേരത്തെ നടത്തി അന്വേഷണത്തിൻ്റെ റിപ്പോർട്ട് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി അതിജീവിത നൽകിയ പരാതിയെ തുടർന്നാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ തൻ്റെ മൊഴി കൃത്യമായി രേഖപ്പെടുത്താൻ ഗൈനക്കോളജിസ്റ്റായ ഡോ. കെ.വി.പ്രീതി തയ്യാറായില്ലെന്നും ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും ചൂണ്ടിക്കാട്ടി അതിജീവിത നേരത്തെ തന്നെ പരാതി നൽകിയിരുന്നു.

അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം ഡോ.കെ.വി. പ്രീതിക്കെതിരെ പൊലീസ് അന്വേഷണം നടത്തുകയും ചെയ്തു. നിരന്തരമായ ആവശ്യങ്ങൾക്കും സമരങ്ങൾക്കും ഒടുവിൽ ഈ അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് കഴിഞ്ഞദിവസം ഉത്തരമേഖല ഐ.ജി കെ. സേതുരാമൻ ഇടപെട്ട് അതിജീവിതയ്ക്ക് ലഭ്യമാക്കിയിരുന്നു.

എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടിൽ താൻ തൃപ്തയല്ലെന്ന് അതിജീവിത വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇന്നലെ ഉത്തര മേഖല ഐജിയെ കണ്ട് പരാതിയായി ബോധിപ്പിക്കുകയും ചെയ്തു. അതിൻ്റെ  അടിസ്ഥാനത്തിലാണ് ഡോ.കെ.വി.പ്രീതിക്കെതിരെ പുനരന്വേഷണം നടത്താൻ ഉത്തര മേഖല ഐജി കെ. സേതുരാമൻ ഉത്തരവിട്ടത്.

കോഴിക്കോട് നാർക്കോട്ടിക്ക് സെൽ എസിപി ടി.പി.ജേക്കബിന് ആണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനും ഐജി നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിൽ വനിത പൊലീസ് ഇൻസ്പെക്ടറും ഉണ്ടാകും.

നേരത്തെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പൊലീസ് നൽകാത്തതിൽ പ്രതിഷേധിച്ച് രണ്ട് ഘട്ടങ്ങളിലായി 12 ദിവസം അതിജീവിത തെരുവിൽ സമരം നടത്തിയിരുന്നു. അതിൻ്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടികൾ.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories