ചക്കക്കൊമ്പന് പിന്നാലെ ഇടുക്കി പൂപ്പാറ ടൗണിലിറങ്ങി മുറിവാലൻ കൊമ്പൻ. രാവിലെ 7 മണിയോടുകൂടിയാണ് കാട്ടാന കൊച്ചി - ധനുഷ്കോടി ദേശീയപാതയിലൂടെ പൂപ്പാറ ടൗണിന് സമീപം എത്തിയത്. ഏറെനേരം മേഖലയിലെ തേയിലക്കാട്ടിൽ ചെലവഴിച്ച കൊമ്പൻ പിന്നീട് എസ്റ്റേറ്റ് പൂപ്പാറ ഭാഗത്തേക്ക് മാറി .
കഴിഞ്ഞദിവസം ചക്കകൊമ്പൻ ടൗണിന് സമീപം എത്തി ഭീതി പടർത്തിയിരുന്നു. ഇതിനുശേഷം ഇന്നലെ രാവിലെയാണ് മുറിവാലനും മേഖലയിൽ എത്തിയത്.കൊച്ചി - ധനുഷ്കോടി ദേശീയപാത മുറിച്ചു കടന്ന കൊമ്പൻ ടൗണിലേക്ക് കടക്കുവാൻ ശ്രമിച്ചു.
നാട്ടുകാർ കൂകിവിളിച്ചതിനെ തുടർന്ന് ആന പിന്തിരിഞ്ഞു.പിന്നീട് തോട്ടത്തിൽ ഏറെനേരം ചെലവഴിച്ച ശേഷമാണ് ജനവാസമേഖലയിൽ നിന്നും മാറിയത്.
കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ ടാങ്ക് കുടിയിൽ ഒരാളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനുശേഷം കാട്ടാനക്കൂട്ടം വീടുകൾക്കും കൃഷിയിടങ്ങൾക്കും നേരെ ആക്രമണവും നടത്തിയിരുന്നു.
മേഖലയിൽ ആർ ആർ ടിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് കാട്ടാനകൾ തുടർച്ചയായി ജനവാസ മേഖലയിലേക്ക് എത്തുന്നത്.