തിരുവനന്തപുരം: വഴിത്തര്‍ക്കത്തിന്റെ പേരില്‍ വെള്ളറടയില്‍ 75കാരിയെയും മകളെയും വീടുകയറി മര്‍ദിച്ചു. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി മകള്‍ ഗീത എന്നിവരെയാണ് ഒരുസംഘം കഴിഞ്ഞദിവസം മര്‍ദിച്ചത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. നാലുമാസമായി വഴിയെ ചൊല്ലി തര്‍ക്കം തുടരുകയാണ്. കോടതിയില്‍ സ്‌റ്റേ നിലനില്‍ക്കെയാണ് എതിര്‍കക്ഷിയില്‍പ്പെട്ടവര്‍ വീടുകയറി മര്‍ദിച്ചത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
എതിര്‍കക്ഷിയില്‍പ്പെട്ട ബിജുവും സംഘവുമാണ് തന്നെയും അമ്മയെയും ആക്രമിച്ചതെന്ന് ഗീത പറയുന്നു. ഈ സംഘം തങ്ങളുടെ മൊബൈല്‍ ഫോണ്‍, സ്വര്‍ണമാല എന്നിവ തട്ടിയെടുത്തതായും ഗീത ആരോപിക്കുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
ഒരു സംഘം വീട്ടില്‍ കയറി വയോധികയെയും യുവതിയെയും ആക്രമിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. നേരത്തെയും വഴിത്തര്‍ക്കത്തെ തുടര്‍ന്ന് പരസ്പരം ഏറ്റുമുട്ടിയതായി നാട്ടുകാര്‍ പറയുന്നു. പരാതിയില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.