Share this Article
ഡിജിപിക്ക് പരാതി നല്‍കി, ക്രിമിനല്‍ കുറ്റമാണ് ചെയ്തതെന്ന് ഇ.പി. ജയരാജന്‍
വെബ് ടീം
posted on 13-11-2024
1 min read
ep jayarajan

കണ്ണൂര്‍: താനെഴുതാത്ത, തന്നോട് സമ്മതം ചോദിക്കാത്ത ആത്മകഥ താനറിയാതെ പ്രകാശനം ചെയ്യുമെന്ന് പറയുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് സി.പി.ഐ.എം. നേതാവും ഇടതു മുന്നണി മുന്‍ കണ്‍വീനറുമായ ഇ.പി. ജയരാജന്‍. താന്‍ ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോഴും അത് പൂര്‍ത്തിയായിട്ടില്ലെന്നും ഇ.പി. ജയരാജന്‍ മാധ്യമങ്ങളോടു പറഞ്ഞു.പുസ്തക വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയെന്നും  ഇ.പി ജയരാജന്‍ പറഞ്ഞു  

എന്റെ പുസ്തകം ഞാനറിയാതെ എങ്ങനെ പ്രസിദ്ധീകരിക്കും. പുസ്തകം പ്രസിദ്ധീകരിച്ച കാര്യം മാധ്യമ വാര്‍ത്തകളിലാണ് അറിഞ്ഞത്. തികച്ചും തെറ്റായിട്ടുള്ള നിലപാടാണ് ഡിസി ബുക്‌സ് സ്വീകരിച്ചത്. ഞാനെഴുതിയ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടക്കുന്നുവെന്ന് ഞാനറിഞ്ഞത് മാധ്യമ വാര്‍ത്തകളിലാണെന്നും ജയരാജന്‍ പറഞ്ഞു.ഞാൻ എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. എന്നോട് ഡി.സി. ബുക്‌സ് ചോദിച്ചിരുന്നു. മാതൃഭൂമി ബുക്‌സ് ചോദിച്ചിരുന്നു. അങ്ങനെ നിൽക്കുകയാണ് ഇതിന്റെ പ്രസിദ്ധീകരണത്തിനു വേണ്ട നടപടിക്രമം. എല്ലാം പൂർത്തീകരിച്ച്, ആകെയൊന്നു വായിച്ചുനോക്കി അതിന്റെ അടിസ്ഥാനത്തിൽ പൂർത്തീകരിച്ച് അച്ചടിക്കായി കൊടുക്കാം എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്."

ഇന്ന് രാവിലെ മുതലാണ് ആത്മകഥ വിവാദം കത്തിപ്പടർന്നത്. പാർട്ടി തന്നെ കേൾക്കാൻ തയ്യാറായില്ലെന്നും രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും ആത്മകഥയിൽ പറയുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി സരിനെതിരെയും വിമര്‍ശനമുള്ളതായും ആരോപണങ്ങൾ ഉയർന്നു.

എന്നാൽ, ഈ ആരോപണങ്ങളെ പൂർണമായും തള്ളി ഇ.പി രം​ഗത്തെത്തി. ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. പൂര്‍ത്തിയായിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ.പി. ജയരാജൻ എഴുതിയതെന്ന് ഡി.സി ബുക്സ് അവകാശപ്പെട്ട കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് നീട്ടിവെച്ചതായി പിന്നീട് പ്രസാധകര്‍ അറിയിച്ചു. നിർമിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലമാണ് തീരുമാനമെന്നാണ് വിശദീകരണം. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും ഡി.സി ബുക്സ് ഫെയ്സ്ബുക്കിൽ കുറിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories