Share this Article
തൊണ്ണൂറ്റിയഞ്ചാം വയസ്സിലും കെട്ടിട നിര്‍മ്മാണ ജോലിയില്‍ മുഴുകി കത്രീന മുത്തശ്ശി
Even at the age of ninety-five, Katrinaamma was engaged in construction work

തൊണ്ണൂറ്റിയഞ്ചാം വയസ്സിലും കെട്ടിട നിർമ്മാണ ജോലിയിൽ മുഴുകിയിരിക്കുകയാണ്  തൃശ്ശൂർ പൂങ്കുന്നം സ്വദേശിനി കത്രീന. സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന സംതൃപ്തിയിലാണ് ഈ മുത്തശ്ശി. മറ്റു തൊഴിലാളികളോടൊപ്പം വാർദ്ധക്യത്തെ അതിജീവിച്ച്  കരുത്തോടെ പണിയെടുക്കുന്ന   കത്രീന നിരവധി ആദരങ്ങളും ഏറ്റു വാങ്ങിയിട്ടിട്ടുണ്ട്.

കനത്ത വെയിലിലും ജോലി തിരക്കിലാണ് കത്രീന. അമ്പത്തിയഞ്ച് വർഷമായി കത്രീന കെട്ടിട നിർമ്മാണ ജോലികൾ ഏറ്റെടുത്ത്  ചെയ്യുന്നുണ്ട്. 27 വർഷം മുൻപ്  ഭർത്താവ് ബേബി മരിച്ചു. പിന്നീട് മക്കളെ പോറ്റാനായാണ് കത്രീന ജോലിക്ക് പോയി തുടങ്ങിയത്.

നാലു മക്കളിൽ ഒരാൾ മരിച്ചു. ബാക്കിയുള്ളവർ വളർന്നപ്പോൾ അമ്മ ജോലിക്കു പോകണ്ടാ എന്നു പറഞ്ഞെങ്കിലും കത്രീന കൂട്ടാക്കിയില്ല. ഇതോടെ മക്കൾ അമ്മയെ സ്വന്തമിഷ്ടത്തിനു വിട്ടു. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും കത്രീന ചെയ്യും.

ജോലിക്ക് ഒരു ദിവസം പോകാതിരുന്നാൽ ക്ഷീണമാകുമെന്നാണ് കത്രീന പറയുന്നത്.  മൂത്ത മകന് 60 വയസ്സായി. അവർക്കില്ലാത്തത്ര ആരോഗ്യം കത്രീനക്കുണ്ട്. ദിവസവും വെളുപ്പിന് വാർക്ക പണികൾക്കായി കത്രീന പോകും. മുൻമുഖ്യമന്ത്രി കരുണാകരൻ, സിനിമാ നടൻ മമ്മൂട്ടി തുടങ്ങിയവരിൽ നിന്നും കത്രീന ആദരവുകൾ ഏറ്റു വാങ്ങിയിട്ടുണ്ട്.

സോഷ്യൽ മീഡിയകളിൽ കത്രീന മുത്തശ്ശി  ഇപ്പോൾ വൈറലാണ്. ജോലിക്കിടയിൽ ചൂടും മഴയും കത്രീനയ്ക്ക് പ്രശ്നമേയല്ല. സ്വയം അധ്വാനിച്ചുണ്ടാക്കുന്ന കാശുകൊണ്ട് ജീവിക്കുന്നതിന്റെ സംതൃപ്തിയിലാണ് ഈ തൊണ്ണൂറ്റിയഞ്ച് കാരി. മരണം വരെ ജോലിക്ക് പോകണമെന്നാണ് കത്രീനയുടെ ആഗ്രഹം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories