കൊല്ലം: മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ കയറ്റിയിറക്കിയ സംഭവത്തിൽ പ്രതി അജ്മലിനെതിരെ മനഃപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തി പൊലീസ്. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീക്കുട്ടിയെയും കേസിൽ പ്രതി ചേർക്കുമെന്നാണു വിവരം. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത രണ്ടു പേരുടെയും രക്ത സാംപിൾ പൊലീസ് ശേഖരിച്ചു. ഒരു സുഹൃത്തിന്റെ വീട്ടിൽ പാർട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. ലഹരിവസ്തു വിറ്റതിന് അജ്മലിനെതിരെ നേരെത്തെയും കേസുണ്ട്.
ശ്രീക്കുട്ടിയെ അജ്മൽ പരിചയപ്പെടുന്നത് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ചാണ്. തന്റെ സ്വർണാഭരങ്ങൾ ഉൾപ്പെടെ അജ്മൽ കൈവശപ്പെടുത്തിയെന്ന് ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും ഇപ്പോൾ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലാണ്. രക്തപരിശോധനാ ഫലം വന്നതിനു ശേഷം തുടർനടപടികൾ സ്വീകരിക്കും. ഇടക്കുളങ്ങര സ്വദേശിയായ യുവതിയുടെ പേരിലുള്ളതാണ് കാര്‍. ഇതിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞിരുന്നെന്നാണ് വിവരം.
ഒളിവിൽ പോയ അജ്മലിനെ പതാരത്തുനിന്നാണ് പിടികൂടിയത്. ഇടിച്ചയുടന്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ കാര്‍ നിര്‍ത്തിയില്ലെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സ്കൂട്ടർ യാത്രികരായ സ്ത്രീകളെ അജ്മൽ ഓടിച്ച കാർ ഇടിച്ചുവീഴ്ത്തിയതും വീണു കിടന്നിരുന്ന സ്ത്രീയുടെ ദേഹത്തുകൂടി കയറ്റിയിറക്കിയതും. ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) രാത്രിയോടെയാണു മരിച്ചത്. ഇടിച്ചുവീഴ്ത്തിയ ശേഷം കുഞ്ഞുമോളുടെ ശരീരത്തിലൂടെ അജ്മൽ കാർ കയറ്റിയിറക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്.