Share this Article
വസ്തു വാങ്ങാനെത്തി; സ്ഥലം ഉടമയില്‍ നിന്നും 37 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍
വെബ് ടീം
posted on 25-10-2023
1 min read
THREE ARRESTED IN EXTORTION

പത്തനംതിട്ട: വസ്തു വാങ്ങാനെന്ന പേരില്‍ 37 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. നെടുമങ്ങാട് കോലിയക്കോട് പ്രിയഭവനില്‍ പ്രിയ (35), തിരുവനന്തപുരം പാങ്ങോട് സ്വദേശി സിദ്ദിഖ് (47), ആറ്റിങ്ങല്‍ കുന്നുവരം സ്വദേശി അനൂപ് (26) എന്നിവരാണ് പിടിയിലായത്. 

അടൂര്‍ മൂന്നാളം സ്വദേശി ജയചന്ദ്രന്റെ പരാതിയിലാണ് ഇവര്‍ അറസ്റ്റിലായത്. ജയചന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള വസ്തുവാങ്ങാനെന്ന വ്യാജേന 2023 ഒക്ടോബറില്‍ പ്രിയയാണ് ഇവരെ സമീപിച്ചത്. ഭൂമി ഇഷ്ടപ്പെട്ടെന്ന് അറിയിച്ച പ്രിയ മറ്റൊരുദിവസം, ജയചന്ദ്രന്റെ വീട്ടിലെത്തി സിദ്ധിഖിനെ ഭര്‍ത്താവാണെന്നും അനൂപിനെ മരുമകനാണെന്നും പരിചയപ്പെടുത്തി.

തുടര്‍ന്ന് സ്ഥലത്തിന് അഡ്വാന്‍സ് നല്‍കി. വായ്പയെടുത്താണ് സ്ഥലം വാങ്ങുന്നതെന്നും അറിയിച്ചു. രണ്ടുദിവസം കഴിഞ്ഞ്, പറന്തല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ സ്ഥിരനിക്ഷേപത്തില്‍ തങ്ങള്‍ക്ക് വായ്പയുണ്ടെന്നും ഇത് അടച്ചുതീര്‍ത്താലേ പുതിയ വായ്പ കിട്ടുകയുള്ളൂവെന്നും പറഞ്ഞു. വായ്പ അടച്ചുതീര്‍ക്കാന്‍ കുറച്ചുപണം വേണമെന്നും ആവശ്യപ്പെട്ടു.

പല തവണയായി ഗൂഗിള്‍പേയിലും ബാങ്ക് അക്കൗണ്ടിലൂടെയുമായി 37,45,000 രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. 33 പവന്‍ സ്വര്‍ണാഭരണങ്ങളും വാങ്ങി. പിന്നീട് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് പ്രതികള്‍ മുങ്ങുകയായിരുന്നു. അറസ്റ്റിലായ പ്രിയ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories