തൃശൂർ അരിമ്പൂർ പഞ്ചായത്തിൽ 14 പേർക്ക് ഡെങ്കിപ്പനി. പ്രദേശത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം അനുദിനം വർദ്ധിച്ചു വരികയാണ് . ഒന്നര മാസത്തിനുള്ളിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം അമ്പതിന് അടുത്ത്.
വീടു വീടാന്തരം ബോധവൽക്കരണവും ഫോഗിങ്ങ് അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യ പ്രവർത്തകരും സജീവമായി രംഗത്തുണ്ട്.തൃശ്ശൂർ ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശമാണ് അരിമ്പൂർ പഞ്ചായത്ത്.
ഒന്നരമാസത്തിനുള്ളിൽ 34 പേർക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഇതിൽ ഭൂരിപക്ഷം പേർക്കും പുറമേ നിന്നുള്ള സമ്പർക്കത്തിലാണ് ബാധിച്ചിട്ടുള്ളത്, പഞ്ചായത്തിലെ 6, 9 വാർഡുകളിലാണ് കൂടുതൽപേർക്ക് ഡങ്കിപ്പനി കണ്ടെത്തിയത്.കൂടാതെ ഇപ്പോൾ ഡെങ്കിപ്പനി ബാധിച്ചരാകട്ടെ 14 പേരും.
വെള്ളം കെട്ടിനിൽക്കുന്നതാണ് കൊതുകുകൾ പെരുകാൻ കാരണമാകുന്നതെന്നും ജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്നും അരിമ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ദീപക് മേനോൻ പറഞ്ഞു..
ആർക്കും ഡങ്കിപ്പനി മൂലം ഗുരുതര അവസ്ഥ ഉണ്ടായില്ല. ഡെങ്കിപ്പനി ബാധിച്ചവർക്കെല്ലാം ചികിത്സ നൽകി. ഒരാൾക്ക് മാത്രമാണ് പ്ലേറ്റലെറ്റ് കുറഞ്ഞതിന് തുടർന്ന് കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായത്.
അരിമ്പൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരും ഹെൽത്ത് ഇൻസ്പെക്ടറും അടക്കമുള്ളവർ ഇക്കാര്യത്തിൽ അതീവ ജാഗരൂകരാണ്.പരിസര മലിനീകരണം, വെള്ളം തളംകെട്ടിനിൽക്കുന്നത്, കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങൾ തുടങ്ങിയവ കൊതുകുകൾ വളരാൻ ഇടയാക്കുന്നു.
ഇതിനെ പ്രതിരോധിക്കാനായി ആരോഗ്യവകുപ്പ് അധികൃതർ വീടുകളിലെത്തി ഫോഗിങ്ങ് അടക്കമുള്ള പരിപാടിയിലേക്ക് അടിയന്തര ശ്രദ്ധ ചെലുത്തി കഴിഞ്ഞതായി ഹെൽത്ത് ഇൻസ്പെക്ടർ സരേഷ് ശങ്കർ പറഞ്ഞു.