കോഴിക്കോട് നഗരത്തിലെ 3 കടകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. കൊടുവള്ളി സ്വദേശി കളരാന്തരി സക്കരിയെയാണ് കസബ എസ്.ഐ. ജഗത്ത് മോഹൻ ദത്ത് അറസ്റ്റ് ചെയ്തത്.
പ്രതിയെ ഇന്ന് ഉച്ച കഴിഞ്ഞ് കോടതിയിൽ ഹാജരാക്കും. കോഴിക്കോട് നഗരത്തിലെ 19 സിസിടിവി ദൃശ്യങ്ങൾ വഴിയാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.ബുധനാഴ്ച പുലർച്ചെ രണ്ടരയ്ക്ക് ആണ് കോഴിക്കോട് കോട്ടപ്പറമ്പ് റോഡിൽ കവർച്ച നടന്നത്.
മൂന്നു കടകളിൽ നിന്നായി 43,000 രൂപയും മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡും കസബ എസ്.ഐ ജഗത്ത് മോഹൻദത്തിൻ്റെ നേതൃത്വത്തിൽ കസബ പോലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് കവർച്ച നടന്ന് 24 മണിക്കൂറിനകം സക്കരിയയെ പിടികൂടാൻ ആയത്.
14-ാം വയസ്സിൽ കവർച്ച തുടങ്ങിയ 41 കാരനായ സക്കരിയക്കെതിരെ കേരളത്തിൽ മാത്രം 110 ഓളം കേസുകൾ ഉണ്ട്. 15 പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വാറൻ്റുണ്ട്. ഇതിനു പുറമേ കർണാടകയിലും തമിഴ്നാട്ടിലും വിവിധ കേസുകൾ ഉണ്ടെന്ന് കോഴിക്കോട് ടൗൺ എസിപി കെ.ജി.സുരേഷ് വ്യക്തമാക്കി.
കവർച്ച നടത്തുമ്പോൾ പരമ്പരയായി നടത്തുക എന്നതാണ് സക്കരിയയുടെ രീതി. അതിനായി തീയറ്ററിൽ പോയി സെക്കൻഡ് ഷോ സമയത്ത് സിനിമ കാണും. ടിക്കറ്റിന്റെ ബാക്കി ഭാഗവുമായി നഗരത്തിലേക്ക് ഇറങ്ങി മോഷണം നടത്തേണ്ട സ്ഥാപനങ്ങൾ കണ്ടുവയ്ക്കും. പിന്നീട് ഉപകരണങ്ങൾ വാങ്ങി തിരിച്ചെത്തി കവർച്ച നടത്തുന്നതാണ് രീതി.
കവർ ചെയ്ത് കിട്ടുന്ന പണം ഉപയോഗിച്ച് ലഹരി വസ്തുക്കൾ വാങ്ങി ഉപയോഗിക്കുകയും ആഡംബര ജീവിതവും നയിക്കുകയുമാണ് പതിവ്. ഇക്കഴിഞ്ഞ ജൂണിലാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും മൂന്നുവർഷത്തെ തടവ് ശിക്ഷകഴിഞ്ഞ് സക്കറിയ പുറത്തിറങ്ങിയത്. പിന്നാലെ വീണ്ടും കവർച്ചാ പരമ്പര തുടങ്ങുകയായിരുന്നു.