Share this Article
ഷിരൂരിലുണ്ടായ ദുരന്തം ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് ചെറുവത്തൂരിലെ പ്രദേശവാസികളും യാത്രക്കാരും
Local residents and travelers of Cheruvathur are worried that the disaster in Shirur will repeat itself

കര്‍ണ്ണാടകയിലെ ഷിരൂരിലുണ്ടായ ദുരന്തത്തിന് സമാനമായ അപകടം കാസഗോട്ടും ആവർത്തിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ചെറുവത്തൂരിലെ പ്രദേശവാസികളും യാത്രക്കാരും. നവീകരണം നടക്കുന്ന ദേശീയപാതയോട് ചേര്‍ന്നുള്ള വീരമലകുന്നും മട്ടലായികുന്നുമാണ്  അപകട ഭീഷണി സൃഷ്ടിക്കുന്നത്. കുന്നുകളില്‍ ഇപ്പോഴും മണ്ണിടിയുന്നത് ആശങ്കപ്പെടുത്തുന്നു.

ജില്ലയില്‍ ദേശീയപാതയോരത്ത് ഏത്‌നിമിഷവും ഇടിഞ്ഞ് വീഴാവുന്ന നിലയിലുള്ള കുന്നുകളാണ് വീരമലകുന്നും ഒപ്പം മട്ടലായികുന്നും. ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി ഈ കുന്നിന്റെ വലിയൊരുഭാഗം ഇടിച്ച് നിരത്തിയിട്ടുമുണ്ട്. നിലവില്‍ കുന്നിന്റെ ഈ ഭാഗങ്ങളില്‍ നിന്നും മണ്ണിടിയുന്നു. കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിഞ്ഞ് വലിയൊരുഭാഗം റോഡിൽ പതിച്ചു.

ഭാഗ്യം കൊണ്ട് മാത്രം അപകടം ഒഴിവായിപോയത്. ദേശീയപാതകടന്നുപോകുന്ന ഭാഗത്ത് കുന്നിന് താഴെ സംരക്ഷണവേലി കെട്ടണമെന്ന നിര്‍ദേശമുണ്ടായി. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ജില്ലാ കലക്ടര്‍ ഉള്‍പ്പടെ പ്രദേശം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിശ്ചയിച്ച ദിവസം കഴിഞ്ഞിട്ടും സംരക്ഷണഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇപ്പോഴും വീരമലകുന്നിന്റെ ഒരുഭാഗത്ത് മാത്രമാണ് സംരക്ഷണഭിത്തി നിര്‍മ്മിച്ചത്. ഈ ഭാഗത്തും മണ്ണ് ഇടിയുന്നുണ്ടെന്നതാണ് പ്രധാന പ്രശ്‌നം. വീരമലകുന്നിലുള്ളത് പശിമയുള്ള മണ്ണാണ്,മഴയില്‍ വേഗത്തില്‍ കുന്നിടിയാന്‍ ഇത് കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

സമാനമാണ് ചെറുവത്തൂര്‍ മട്ടലായികുന്നിലെയും സാഹചര്യം. കോണ്‍ക്രീറ്റ് സ്‌പ്രെചെയ്ത് കുന്നിന് സംരക്ഷണമൊരുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നിലവില്‍ ഇവിടെ പുരോഗമിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ സംരക്ഷണ കവചമൊരുക്കിയഭാഗംതന്നെ കഴിഞ്ഞ മാസം ഇടിഞ്ഞ് താഴ്ന്നിരുന്നു. 

കര്‍ണ്ണാടകയിലെ ഷിരൂരിലുണ്ടായ അപകടത്തിന്റെ ഞെട്ടലില്‍ നില്‍ക്കുന്ന മലയാളിക്ക് ദേശീയപാതയോരത്തെ കുന്നുകളെയെല്ലാം ഭയപ്പാടോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ അപകടഭീതി ഉയര്‍ത്തുന്ന ഈ കുന്നുകളുടെ നിലവിലെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് എത്തി പരിശോധിച്ച് വിലയിരുത്താനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ള സംഘം പ്രദേശത്തെത്തണമെന്നാണ് ആവശ്യം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories