Share this Article
വലഞ്ഞ് യാത്രക്കാർ; താമരശ്ശേരി ചുരത്തിൽ ​ഗതാ​ഗത സ്തംഭനം തുടരുന്നു
വെബ് ടീം
posted on 22-10-2023
1 min read
traffic jam continues in Thamarassery churam

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ​ഇന്നലെ ഉച്ച മുതൽ തുടങ്ങിയ ​ഗതാ​ഗത കുരുക്ക് അഴിക്കൽ ശ്രമകരം. ഇന്നലെ തുടങ്ങിയ ​ഗതാ​ഗതക്കുരുക്ക് ഇന്ന് രാവിലെയും തുടരുന്നു. വാഹനങ്ങളുടെ എണ്ണം കൂടുന്നതിനാൽ കുരുക്ക് വർധിക്കുന്ന സ്ഥിതിയാണ്. 

വാഹനങ്ങളിൽ വരുന്നവർ ഭക്ഷണവും വെള്ളവും കരുതണമെന്നു ചുരം സംരക്ഷണ മുന്നണി വ്യക്തമാക്കി. അവധി ദിനങ്ങളായതിനാൽ വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയതാണ് ​ഗതാ​ഗത കുരുക്ക് കൂടുതൽ രൂക്ഷമാക്കിയത്. 

ചരക്കുലോറി കുടുങ്ങിയതിനെ തുടർന്നാണ് ഇന്നലെ ഉച്ച മുതൽ വൻ ​ഗതാ​ഗതക്കുരുക്ക് തുടങ്ങിയത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ലോറി കുടുങ്ങിയത്. അപ്പോൾ മുതൽ തുടങ്ങിയ കുരുക്ക് നിരവധി യാത്രക്കാരെയാണ് വലച്ചത്. താമരശ്ശേരി മുതലും ചുണ്ടേൽ മുതലും വാഹനങ്ങളുടെ നീണ്ട നിരയാണ് കുടുങ്ങി കിടക്കുന്നത്. 

അമിത ഭാരവുമായി വന്ന മൾട്ടി ആക്സിൽ ലോറിയാണ് കുടുങ്ങിയത്. ലോറി കുടുങ്ങിയ ഘട്ടത്തിൽ ചെറു വാഹനങ്ങൾ ഒറ്റ വരിയിലൂടെ കടത്തി വിട്ടു. എന്നാൽ മൈസൂരിൽ നിന്നുള്ള ബസും കുടുങ്ങിയതോടെ ​ഗതാ​ഗതം പൂർണമായി നിലച്ചു. ചുരത്തിന്റെ രണ്ട് ഭാ​ഗത്തും വാഹനങ്ങൾ കുടുങ്ങി. 

അവധി ദിനമായതിനാൽ വൻ തിരക്കാണ് ചുരത്തിൽ അനുഭവപ്പെട്ടത്. വൈകീട്ടോടെ വിനോദ സഞ്ചാരികൾ കൂട്ടത്തോടെ എത്തിയപ്പോൾ കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളമാണ് ജനം ചുരത്തിൽപ്പെട്ടത്. കുടിവെള്ളം പോലും കിട്ടാതെ പലരും വലഞ്ഞു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories