നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം മാവടിയില്‍ ഗൃഹനാഥന്‍ വെടിയേറ്റു മരിച്ചത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. വീടിന് പുറത്തു നിന്നാണ് ഗൃഹനാഥനെ വെടിവെച്ചതെന്ന് പൊലീസ് കണ്ടെത്തി. മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി തോമസ് (57) ആണ് ചൊവ്വാഴ്ച രാത്രി വെടിയേറ്റ് മരിച്ചത്.
ശബ്ദം കേട്ട് വീട്ടുകാരെത്തി നോക്കുമ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സണ്ണിയെ കണ്ടെത്തിയത്.നാടന്‍ തോക്ക് ഉപയോഗിച്ച് വീടിനു പുറത്തു നിന്നാണ് വെടിവെച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. വെടിയുണ്ട അടുക്കള വാതില്‍ തുളച്ചുകയറി ഉറങ്ങിക്കിടന്ന സണ്ണിക്ക് വെടിയേല്‍ക്കുകയായിരുന്നു.
അടുക്കള വാതിലില്‍ നാലു വെടിയുണ്ടകള്‍ തുളച്ചുകയറിയതായി കണ്ടെത്തി. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സണ്ണി തോമസിന്റെ മരണം അന്വേഷിക്കാനായി കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.