സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 14 വയസ്സുകാരൻ മരിച്ചു. ഫറോക്ക് ഇരുമൂളിപ്പറമ്പ് സ്വദേശി ഇ.പി.മൃദുൽ ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് സമീപകാലത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി.
ഇക്കഴിഞ്ഞ ജൂൺ 24നാണ് മൃദുലിന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അന്നുമുതൽ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്ന മൃദുൽ ഇന്നലെ രാത്രി 11.24 നാണ് മരിച്ചത്.
രാമനാട്ടുകര ഫാറൂഖ് കോളേജിന് സമീപത്തെ ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ് - ജ്യോതി ദമ്പതികളുടെ മകനാണ് മൃദുൽ. മിലൻ സഹോദരനാണ്. ഫാറൂഖ് കോളേജ് പരിസരത്തെ അച്ചൻകുളത്തിൽ കുളിച്ചതിനുശേഷം ആയിരുന്നു മൃദുലിന് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഇതേത്തുടർന്ന രാമനാട്ടുകര നഗരസഭ അധികൃതർ അച്ചൻകുളത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
മെയ് അവസാനവാരം മലപ്പുറം മുന്നിയൂരിലെ അഞ്ചുവയസ്സുകാരി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ജൂൺ 12ന് മരിച്ച കണ്ണൂർ തോട്ടടയിലെ 13 കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം ഉണ്ടായിരുന്നതായി പിന്നീട് സ്ഥിരീകരിച്ചിരുന്നു. മൃദുലിന്റെ മരണത്തോടെ സമീപകാലത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.