മാലിന്യ സംസ്‌ക്കരണം കൃത്യമായി നടത്താതെ മലിനജലം ജനവാസമേഖലകളിലേക്ക് ഒഴുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി ആനച്ചാലില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് റിസോര്‍ട്ടുകള്‍ പൂട്ടി.
വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നിന്നും പ്രദേശവാസികളുടെ നേതൃത്വത്തില്‍ റിസോര്‍ട്ടുകളിലെ ശുചിമുറി മാലിന്യം ജല സ്രോതസിലേക്ക് ഒഴുക്കിവിടുന്നെന്ന പരാതി കഴിഞ്ഞ ദിവസങ്ങളിലൊക്കെയും പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും ലഭിച്ചിരുന്നു.
പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തധികൃതരുടയെും നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ സ്ഥാപനങ്ങളില്‍ നിന്നും മലിന ജലം ജനവാസ മേഖലയിലേക്കും സമീപത്തെ ജലശ്രോതസ്സുകളിലേക്കും ഒഴുകുന്നുവെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
മലിനജല സംസ്‌ക്കരണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ടുന്ന ചട്ടങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനമെന്നും പ്രശ്‌നം പൂര്‍ണ്ണമായി എന്ന് പരിഹരിക്കുമോ അന്ന് വരെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
മതിയാംവിധം മലിന ജലം സംഭരിക്കാന്‍ പോന്ന പ്ലാന്റ് സ്ഥാപനങ്ങള്‍ക്കില്ലെന്നും പകരം സംവിധാനമായി ഒരുക്കിയ കുഴികളില്‍ നിന്ന് മലിന ജലം ജനവാസമേഖലകളിലേക്കും ജലശ്രോതസ്സുകളിലേക്കും പരക്കുന്നുവെന്നുമാണ് പ്രദേശവാസികളുടെ പരാതി.
പ്രദേശത്ത് ദുര്‍ഗന്ധമുയരുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.വിഷയത്തില്‍ ജനരോക്ഷം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് മാലിന്യ സംസ്‌ക്കരണ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം കാണും വരെ റിസോര്‍ട്ടുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.