കാട്ടാനകളുടെ എണ്ണം കുറയുന്നുവെന്ന് വനംവകുപ്പ് പറയുമ്പോള്‍ ഇതുവരെ കാട്ടാനകളുടെ സാന്നിധ്യമുണ്ടാകാത്ത ഇടത്തുവരെ ആനകള്‍ ഇറങ്ങുന്നതിന്റെ ആശങ്കയിലാണ് ഹൈറേഞ്ചിലെ കുടുംബങ്ങള്‍.
ഇടുക്കി ബൈസണ്‍വാലി ഇരുപതേക്കര്‍കുടിയുടെ മുകള്‍ഭാഗത്താണ് കാട്ടാനകളിറങ്ങിയത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍ ആര്‍ റ്റി സംഘമെത്തി കാട്ടാനകളെ പ്രദേശത്തു നിന്നും തുരത്തി.
ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡുള്‍പ്പെടുന്ന പ്രദേശത്താണ് കാട്ടാന ഭീതി രൂപം കൊണ്ടിട്ടുള്ളത്. ഇരുപതേക്കര്‍കുടിയുടെ മുകള്‍ ഭാഗത്തായി കാട്ടാനകളിറങ്ങി. ആറോളം ആനകള്‍ ഉള്‍പ്പെട്ട സംഘമാണ് കൃഷിയിടത്തില്‍ ഇറങ്ങിയത്.
ഏലവും വാഴയുമടക്കമുള്ള കൃഷിവിളകള്‍ കാട്ടാനകൂട്ടം നശിപ്പിച്ചു. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍ ആര്‍ റ്റി സംഘമെത്തി കാട്ടാനകളെ പ്രദേശത്തു നിന്നും തുരത്തി. പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യമുണ്ടായതോടെ ആളുകളില്‍ ആശങ്ക ഉടലെടുത്തു.
ഈ ഭാഗത്ത് കാട്ടാനകളുടെ സാന്നിധ്യം മുമ്പുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.ആനകളെ കൃഷിയിടത്തില്‍ നിന്നും തുരത്തിയെങ്കിലും അവ വീണ്ടും തിരികെയെത്തുമോയെന്ന ആശങ്ക സമീപവാസികള്‍ പങ്ക് വയ്ക്കുന്നു.
ആനകള്‍ കൃഷിയിടത്തില്‍ നിലയുറപ്പിക്കുന്ന സാഹചര്യം ഉണ്ടായാല്‍ കര്‍ഷകര്‍ക്കത് വിനയാകും.കാട്ടാനകള്‍ കൃഷിയിടത്തിലേക്കിറങ്ങാതിരിക്കാന്‍ നടപടി വേണമെന്നും ആവശ്യമുയരുന്നു.