കോഴിക്കോട്: ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റ് നേടിയത് ഗൗരവപൂര്‍വം പരിശോധിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തൃശൂരിൽ ബിജെപിയെ സഹായിച്ച ശക്തികൾ അവരുടെ നിലപാട് ശരിയായിരുന്നോ എന്ന് ചിന്തിക്കണം . സമ്മർദങ്ങൾക്ക് വഴങ്ങിയാണ് തൃശൂരിൽ ബിജെപിയെ വിജയപ്പിച്ചതെന്നും ചില വിഭാഗങ്ങളുടെ നേതാക്കളും ബിജെപിയും പരസ്പരം ധാരണയുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില പ്രത്യേക വിഭാഗങ്ങളെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചു. നേതൃനിരയിലുള്ളവരുമായി ധാരണയുണ്ടാക്കി. ആ വിഭാഗങ്ങളുടെ നിലപാട് മാറ്റം അവസരവാദപരമാണ്. സഹോദരങ്ങളെ ആക്രമിച്ചവര്‍ക്ക് പിന്തുണകൊടുത്തത് ശരിയോ എന്ന് അവര്‍ തന്നെ ആലോചിക്കണം.
കൂടുതലായി ഒന്നും പറയാത്തത് വിവരങ്ങള്‍ ഇല്ലാത്തതിനാലല്ല. അത് ഭംഗിയാവില്ല എന്നതിനാലാണ് . മാത്രമല്ല അത്തരക്കാരോട് ശത്രുതാമനോഭാവവുമില്ലെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.
കേരളത്തിൽ ബിജെപിയും കോൺഗ്രസും സമവായത്തിലാണെന്നും തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ കൂട്ടായ്മക്കാണ് സിപിഐഎം ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്ലിം ലീഗിനെയും മുഖ്യമന്ത്രി വിമർശിച്ചു. ജമാഅത്ത ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും മുഖമായി മുസ്ലിം ലീഗ് മാറിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു. നാല് വോട്ടിന് വേണ്ടി കൂട്ട് കൂടാൻ പറ്റാത്തവരുമായി ലീഗ് കൂട്ട് കൂടിയെന്നും വിമർശനം. മുസ്ലിം ലീഗിന് മുഖം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.