കോഴിക്കോട്: ഫറോക്കിൽ ബസിനും വൈദ്യുതി പോസ്റ്റിനുമിടയിൽപെട്ട് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. അത്താണിക്കലിൽ താമസിക്കുന്ന ചാലിയം കപ്പലങ്ങാടി വൈരംവളപ്പിൽ മുഹമ്മദ് അലി (47) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് സംഭവം.
കോഴിക്കോട്- പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് തട്ടിയത്. വളയ്ക്കുന്നതിനിടെ ബസിന്റെ വശം അലിയുടെ ദേഹത്ത് തട്ടുകയും അലി പോസ്റ്റിനും ബസിനും ഇടയിൽ പെടുകയുമായിരുന്നു.
പെരുന്നാളിന് സാധനങ്ങൾ വാങ്ങാൻ നഗരത്തിൽ എത്തിയതായിരുന്നു. ബസ് കയറാനായി സ്റ്റാൻഡിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.