കോട്ടയത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. മണര്‍കാട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ കോഴികളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഫാമിലെ ഒന്‍പതിനായിരം കോഴികളെ നാളെ ദയാവധത്തിനു വിധേയമാക്കും.
ഫാമിലെ കോഴികള്‍ അസാധാരണമായ വിധത്തില്‍ ചത്തു തുടങ്ങിയതോടെയാണു ഭോപ്പാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസില്‍ സാംപിള്‍ പരിശോധനയ്ക്ക് അയച്ചത്. ഈ പരിശോധനയിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു.
ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തു പക്ഷികളെയും മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ അടിയന്തരമായി ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കും. ഇവിടെ അണുനശീകരണം നടത്താനുള്ള നടപടി സ്വീകരിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകര്‍മസംഘമാണ് പക്ഷികളെ ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കുക.
മണര്‍കാട് പഞ്ചായത്തിലെ 12,13,14 വാര്‍ഡുകളിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകളിലെയും കോഴി, താറാവ്, കാട, മറ്റുവളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെയും വില്‍പനയും കടത്തലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണമായി നിരോധിച്ചു.
ഒരു കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ 29 വരെ എല്ലാത്തരം വളര്‍ത്തു പക്ഷികളുടെയും ഉല്‍പ്പന്നങ്ങളുടയും വിപണനവും കടത്തും പൂര്‍ണമായും നിരോധിച്ചു. 5 സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പ്രതിരോധ നടപടികള്‍.