പത്തനംതിട്ട: തിരുവല്ലയില്‍ കാറിലെത്തിയ സംഘം ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതായി പരാതി. തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ കാര്‍ കുറുകെ നിര്‍ത്തിയാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയി എന്നാണ് പരാതിയില്‍ പറയുന്നത്.
തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ യുവതിയുടെ കാമുകനാണെന്നാണ് സൂചന. ഭര്‍ത്താവ് തിരുവല്ല തിരുമൂലപുരം സ്വദേശി സന്തോഷിന്റെ പരാതിയില്‍ ചെങ്ങന്നൂര്‍ സ്വദേശി പ്രിന്റോ പ്രസാദിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരുവല്ല പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രിന്റോ പ്രസാദും സുഹൃത്തുക്കളായ മൂന്നുപേരും കൂടിയാണ് യുവതിയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കൊറ്റൂര്‍ പാലത്തിന് സമീപത്തിന് സമീപത്തെ തട്ടുകടയില്‍ സന്തോഷും കുടുംബവും ഭക്ഷണം കഴിച്ചു. തുടര്‍ന്ന് ഇരുചക്ര വാഹനത്തില്‍ പോകവെ കാളച്ചന്തയ്ക്ക് സമീപം വെച്ചായിരുന്നു അക്രമം.
വാഹനത്തില്‍ കാത്തു നിന്ന സംഘം ബൈക്ക് തടയുകയും, സന്തോഷിനെ ബലമായി പിടിച്ചു വെക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ കയ്യിലുണ്ടായിരുന്ന മൂന്നു വയസ് പ്രായമുള്ള കുട്ടിയെ ബലമായി കാറിലേക്ക് മാറ്റി. പിന്നാലെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയേയും കാറില്‍ കയറ്റി കൊണ്ടുപോയെന്നും സന്തോഷ് പരാതിയില്‍ വ്യക്തമാക്കുന്നു.