പ്രമുഖരുടെ ഒപ്പുകള്‍ ശേഖരിക്കുന്ന ഒരാളുണ്ട് തൃശൂരില്‍. വെളുത്തൂര്‍ സ്വദേശി മനോജാണ് 35 വര്‍ഷമായി ഒപ്പുകള്‍ ശേഖരിക്കുന്നത്. ഇപ്പോള്‍ തകഴി മുതല്‍ വൈക്കം മുഹമ്മദ് ബഷീര്‍ വരെയുള്ളവരുടെ ഒപ്പുണ്ട് മനോജിന്റെ കയ്യില്‍.
കവി കുഞ്ഞുണ്ണി മാഷിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് മനോജ് ഒപ്പു ശേഖരണത്തിനായിറങ്ങുന്നത്. മൂന്നര പതിറ്റാണ്ട് മുന്‍പ് പ്രസ്സില്‍ പോയി പേപ്പര്‍ വാങ്ങി കൊടുത്ത് 50 രൂപ പണിക്കൂലിയില്‍ ചുവന്ന വെല്‍വെറ്റ് പുറംചട്ടയില്‍ മനോഹരമായി തീര്‍ത്ത ഒരു ഓട്ടോ ഗ്രാഫ് പുസ്തകം തയ്യാറാക്കി. 1989 ല്‍ സാഹിത്യ അക്കാദമിയില്‍ വച്ച് തകഴി ശിവശങ്കരപ്പിള്ളയുടെ കയ്യൊപ്പാണ് ആദ്യമായി ഈ ഓട്ടോഗ്രാഫില്‍ല്‍ പതിഞ്ഞത്. ഒപ്പിനൊപ്പം തലയില്‍ കൈവച്ച് അനുഗ്രഹവും ലഭിച്ചു. പിന്നീടങ്ങോട്ട് ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ പലര്‍ക്ക് മുന്നിലും തന്റെ ഓട്ടോഗ്രാഫുമായ് മനോജ് എത്തി. ചിലര്‍ ഒപ്പിനൊപ്പം ചെറു ചിത്രങ്ങളും ആശംസകളും എഴുതി നല്‍കി.
കുഞ്ഞുണ്ണി മാഷ്, എം.ടി. വാസുദേവന്‍ നായര്‍, ഓ.എന്‍.വി. കുറുപ്പ്, കെ.ജെ. യേശുദാസ്, കൈതപ്രം, ഇ.എം.എസ്. നമ്പൂതിരിപ്പാട്, മാധവികുട്ടി തുടങ്ങിയവര്‍ മനോജിന്റെ ഓട്ടോഗ്രാഫില്‍ കയ്യൊപ്പ് പതിപ്പിച്ചു. പി.ടി. ഉഷ, മേധാപട്കര്‍, തസ്ലിമ നസ്രിന്‍, കിരണ്‍ ബേദി തുടങ്ങിയവരുടെ ഒപ്പുകളും മനോജിന്റെ കൈപ്പുസ്തകത്തില്‍ പതിഞ്ഞു. 40 പ്രമുഖരുടെ ഒപ്പുകളാണ് ഈ പുസ്തകത്തില്‍ ഇതുവരെ പതിഞ്ഞത്. 2 മാസം മുന്‍പ് അരുന്ധതി റോയിയുടെ ഒപ്പാണ് അവസാനമായി മനോജ് ശേഖരിച്ചത്. 1992 ല്‍ തൃശൂരിലെത്തിയ മദര്‍ തെരേസയെ കണ്ട് ഒപ്പുശേഖരിക്കാനായി അടുത്ത് വരെ എത്തിയെങ്കിലും സാങ്കേതികമായ അനുമതിയുടെ പേരില്‍ ഒപ്പുശേഖരിക്കാനായില്ല.
തന്റെ ജീവിതകാലം മുഴുവന്‍ ഒപ്പുകള്‍ ശേഖരിക്കാന്‍ തന്നെയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. വാട്ടര്‍ അതോറിറ്റിയില്‍ താല്‍ക്കാലിക പമ്പ് ഓപ്പറേറ്ററായി ജോലി ചെയ്യുകയാണ് മനോജ്. ചരിത്രത്തിന്റെ ഭാഗമായവരുടെ ഏറ്റവും വിലയുള്ള ഒപ്പുകളുടെ സൂക്ഷിപ്പുക്കാരനായി ജീവിതത്തില്‍ സന്തോഷം കണ്ടെത്തുകയാണ് മനോജ്.