കോഴിക്കോട്:കമലാക്ഷിക്കിത് ജീവിതത്തിലേക്കുള്ള തിരിച്ചു വരവാണ്. രാത്രി മുഴുവൻ ഉടലാകെ വെള്ളത്തിൽ, ഒന്ന് കരയാനോ ഒച്ചയുണ്ടാക്കാനോ കഴിയാത്ത അവസ്ഥയിൽ നിന്ന് അവിശ്വസനീയമാം വിധം രക്ഷപ്പെട്ടതിന്റെ ആശ്വാസവുമുണ്ട് ഈ 70കാരിക്ക്.
താമരശ്ശേരി കട്ടിപ്പാറയിലാണ് പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ പന്ത്രണ്ട് മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തിയത്. കട്ടിപ്പാറ കടുവാകുന്ന് കമലാക്ഷി (70) ആണ് പൂനൂർ പുഴയിൽ കടുവാകുന്ന് ആനക്കയം ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് ഇവരെ കാണാതായത്.രാത്രി 12 മണിയോടെ ആനക്കയം കടവിൽ ഇവരുടെ ചെരിപ്പ് കണ്ടെത്തി. തുടർന്ന് നരിക്കുനി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ വീണ്ടും തെരച്ചിൽ നടത്തിയപ്പോൾ ഒഴുക്കിൽപ്പെട്ടത്തിന്‍റെ 200 മീറ്ററോളം താഴെ പുഴയ്ക്ക് നടുവിലുള്ള പാറയിൽ ഇരിക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു."
പുഴയിലേക്കിറങ്ങിയപ്പോള്‍ പാറയില്‍ കാലുതെന്നി ഒലിച്ചുപോയി. കുത്തൊഴുക്കില്‍ കുറെദൂരം പോയപ്പോള്‍ ആറ്റുവഞ്ചിയും കാട്ടുവള്ളിയുമെല്ലാം ചേര്‍ന്നൊരു സ്ഥലത്ത് പിടിത്തംകിട്ടി. തലയൊഴികെ ഉടലാകെ വെള്ളത്തിലായിരുന്നു രാത്രിമുഴുവന്‍. ഒച്ചയുണ്ടാക്കാനോ ഉറങ്ങാനോ പറ്റിയില്ല. തൊണ്ട അടഞ്ഞുപോയി. പേടിച്ച് ആകെയൊരു വിറയലായിരുന്നു. നേരംവെളുത്തപ്പോള്‍ ഒലിച്ചെത്തിയ ഒരു ഓടക്കമ്പ് കുത്തിനീങ്ങി പുഴയിലെ ഒരു പാറയിലേക്ക് വലിഞ്ഞുകയറി. കുറച്ച് നെഞ്ചുവേദനയുണ്ടെന്നേയുള്ളൂ, കുഴപ്പമില്ല...''കമലാക്ഷിയുടെ വാക്കുകൾ.
സ്റ്റേഷൻ ഓഫീസർ ജാഫർ സാദിഖ്, ഉദ്യോഗസ്ഥരായ ഗണേശൻ, ടിസി റാഷിദ്, എംവി അരുൺ, മുഹമ്മദ് ഷാഫി, സജിത്, പ്രിയദർശൻ, കേരളൻ നാട്ടുകാരായ ലത്തീഫ് കോറി, കെകെ മനോജ്, കെകെ ബാബുരാജ്, രജിഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.