ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. മര്‍ദനമേറ്റ വിഷ്ണു കുഴഞ്ഞുവീഴുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആറാട്ടുപുഴ തറയില്‍ കടവ് തണ്ടാശേരില്‍ വീട്ടില്‍ ആതിര രാജിയാണ് വിഷ്ണുവിന്റെ ഭാര്യ. ഇവര്‍ തമ്മില്‍ ഒന്നര കൊല്ലമായി പിണങ്ങി കഴിയുകയാണ്. ഇവര്‍ക്ക് നാല് വയസുള്ള മകനുണ്ട്. പൊലീസ് സ്റ്റേഷനില്‍വച്ച് ഉണ്ടാക്കിയ ധാരണ പ്രകാരം മകന്‍ അവധി ദിവസങ്ങളില്‍ വിഷ്ണുവിനോടൊപ്പം ആയിരിക്കും. വിഷ്ണുവിന്റെ ഒപ്പമുണ്ടായിരുന്ന മകനെ തിരികെ ഏല്‍പ്പിക്കാനാണ് തറയില്‍ കടവിലെ ഭാര്യവീട്ടില്‍ വിഷ്ണു എത്തിയത്. ഇതേതുടര്‍ന്ന് ഭാര്യയുടെ ബന്ധുക്കളുമായി തര്‍ക്കമുണ്ടാവുകയും അടിയില്‍ കലാശിക്കുകയുമായിരുന്നു. അവരുടെ മര്‍ദനമേറ്റ് വിഷ്ണു കുഴഞ്ഞുവീണു. വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മര്‍ദ്ദനത്തെ തടര്‍ന്നാണ് വിഷ്ണു മരിച്ചതെന്ന് യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.