തൃശ്ശൂർ പെരിഞ്ഞനത്തെ സെയിൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്ന് വിഷബാധയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.പെരിഞ്ഞനം പൊൻമാനിക്കുടം സ്വദേശി 56 വയസ്സുള്ള നുസൈബ ആണ് മരിച്ചത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആയിരുന്നു മരണം.
ശനിയാഴ്ച രാത്രിയാണ് ഹോട്ടലിൽ നിന്നും പാർസൽ വാങ്ങിയ ഭക്ഷണം ഇവർ വീട്ടിൽ വെച്ച് കഴിച്ചതെന്ന് നുസൈബയുടെ ബന്ധുക്കൾ പറയുന്നു. ഭക്ഷണം കഴിച്ച നാല് പേർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. അന്ന് തന്നെ ഇവരെ പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
എന്നാൽ തിങ്കളാഴ്ച സ്ഥിതി മോശമായതിനെ തുടർന്ന് നുസൈബയെ ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.വൈകീട്ട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് നുസൈബ മരിച്ചത്..
ആദ്യഘട്ടത്തിൽ ഈ ഹോട്ടലിൽ നിന്നും കുഴിമന്തി വാങ്ങി കഴിച്ച 27 പേരും പിന്നീട് 84 പേരും ഏറ്റവും ഒടുവിൽ ഇന്നലെ വൈകിട്ട് 178 പേരും ആണ് ചികിത്സ തേടിയത്. പനിയും ചർദ്ദിയും വയറിളക്കവും ആയിട്ടായിരുന്നു ഭൂരിഭാഗം പേരും ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പും, ഫുഡ് ആൻഡ് സേഫ്റ്റിയും പരിശോധന നടത്തി ഹോട്ടൽ അടച്ചു പൂട്ടിയിരുന്നു.
ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ ഭക്ഷണത്തിന്റെ സാമ്പിളുകളും ശേഖരിച്ചു. ഇതിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമേ ഭക്ഷ്യവിഷബാധക്ക് കാരണമായതെന്തെന്ന് വ്യക്തമാകൂ. അതേസമയം കഴിഞ്ഞദിവസം ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് ഐ.ഡി.എസ്.പി ഓഫീസർ ഡോ.ഗീത,എപ്പിഡമോളജിസ്റ്റ് കല എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം എത്തി ഹോട്ടലിൽ തെളിവെടുപ്പ് നടത്തി.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇത് സംബന്ധിച്ച് കയ്പമംഗലം പോലീസിലും, പെരിഞ്ഞനം പഞ്ചായത്തിലും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും കണ്ട് സംഘം വിവരങ്ങൾ ആരാഞ്ഞു. ഹോട്ടലധികൃതർക്കെതിരെ നിയമ നടപടി ഉൾപ്പെടെ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.