കാസറഗോഡ്, പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിന്റെ വീട്ടിൽ നിന്നും വ്യാജ ചാരായം പിടികൂടി.സംഭവത്തിൽ ആറങ്ങാടി നിലാങ്കരയിലെ കെ.വിജിത്തിനെ എക്സൈസ് അറസ്റ്റ് ചെയ്തു.ലഹരി ഉപയോഗിച്ച് പ്രശ്നം സൃഷ്ടിച്ചതിന് നാട്ടുകാരുടെ പരാതിൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എക്സൈസ് ഉദ്യോഗസ്ഥർ വിജിത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 500 മില്ലി ലിറ്റർ ചാരായവും 30 ലിറ്റർ വാഷും പിടികൂടിയത്.ലഹരി ഉപയോഗിച്ച് കുഴപ്പമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ഹോസ്ദുർഗ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
പ്രതിയുടെ വീട്ടിൽ ചാരായം ഉണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു എക്സൈസ് പരിശോധന. ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ ചാരായവുമായി പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചാരായം നിർമ്മിക്കാനായി സൂക്ഷിച്ച വാഷും കണ്ടെത്തി.ഹോസ്ദുർഗ് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ. എം. പ്രദീപും പരിശോധനയ്ക്ക് നേതൃത്വം നൽകി.