Share this Article
പ്രശ്നങ്ങളില്ല,തെറ്റിദ്ധാരണകൾ നീങ്ങി; അർജുൻ്റെ കുടുംബത്തെ കാണാൻ മനാഫെത്തി
വെബ് ടീം
posted on 05-10-2024
23 min read
MANAF

കോഴിക്കോട്: തെറ്റിദ്ധാരണകൾക്ക് വിരാമമിട്ടുകൊണ്ട് പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർത്ത് ഒന്നിക്കുകയാണ് മനാഫും അർജുന്റെ  കുടുംബവും. കുറെ തെറ്റിദ്ധാരണകൾ മൂലമുണ്ടായ പിണക്കവും പരിഭവങ്ങളും പൂർണമായി നീങ്ങി.

ഇനി മനാഫ് അർജുൻ്റെ കുടുംബത്തിനൊപ്പമുണ്ടാകും. ജിതിൻ ഉൾപ്പെടെ അർജുൻ്റെ കുടുംബവും മനാഫിനെയും ചേർത്തു നിർത്തും. ജിതിനെ കാണാൻ മനാഫെത്തിയതോടെയാണ് തെറ്റിദ്ധാരണകൾ നീങ്ങിയത്.


പ്രശ്നങ്ങൾ പറഞ്ഞു തീർത്തുവെന്ന് ജിതിനും മനാഫും പ്രതികരിച്ചതോടെ മലയാളികൾക്കും ആശ്വാസം. പറയാനുദ്ദേശിച്ചത് വാർത്താ സമ്മേളനത്തിൽ പൂർത്തിയാക്കാനായില്ലെന്നും വർഗീയവാദിയാക്കിയതിൽ വിഷമമുണ്ടെന്നും ജിതിൻ പറഞ്ഞു.

ലോറി ഉടമ മനാഫിനെതിരെ ആരോപണങ്ങളുമായി അർജുൻറെ കുടുംബം രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബർ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും അർജുന്റെ ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അർജുൻറെ സഹോദരീ ഭർത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. സൈബർ ആക്രമണം രൂക്ഷമായതോടെ മനാഫ് വാർത്താസമ്മേളനം നടത്തി അർജുൻറെ കുടുംബത്തോട് നിരുപാധികം മാപ്പുപറഞ്ഞു. അർജുന്റെ  കുടുംബത്തിനെതിരായി നടക്കുന്ന സൈബർ ആക്രമണങ്ങൾ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. തന്നെ ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നിൽക്കുമെന്നും മനാഫ് പ്രതികരിച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories