Share this Article
പിതാവ് മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവം; മരണം നാലായി
വെബ് ടീം
posted on 23-10-2023
1 min read
man sets  son-and-family-on-fire-four-dead

തൃശൂർ: മാടക്കത്തറ പഞ്ചായത്തിലെ ചിറക്കേക്കോട്ട് പിതാവ് മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തിൽ ചികിത്സയിലായിരുന്ന ലിജി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കൊട്ടേക്കാടൻ വീട്ടിൽ ജോജിയുടെ ഭാര്യ ലിജി (32) ആണ് ഇന്നു മരിച്ചത്. ജോജി (39), മകൻ തെൻഡുൽക്കർ (12) എന്നിവർ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. തീ കൊളുത്തിയ പിതാവ് ജോൺസൻ (68) വിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് ഒരാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങിയിരുന്നു.

സെപ്റ്റംബർ 14നു പുലർച്ചെ 12.30നാണു മകന്റെ കുടുംബം ഉറങ്ങുന്ന മുറിയിലേക്കു ജനലിലൂടെ ജോൺസൺ പെട്രോൾ ഒഴിച്ചത്. ഭാര്യ സാറ ഉറങ്ങുന്ന മുറി പൂട്ടിയിട്ട ശേഷമായിരുന്നു ഇയാൾ പെട്രോളുമായി മകന്റെ മുറിയിലേക്കു പോയത്. ഏതാനും വർഷങ്ങളായി ജോൺസനും മകനും തമ്മിൽ ഇടയ്ക്കിടെ തർക്കം ഉണ്ടാകാറുണ്ടായിരുന്നെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. ഇടക്കാലത്തു വാടകവീട്ടിലേക്കു മാറിയ ജോജിയും കുടുംബവും ബന്ധുക്കൾ ഇടപെട്ടതിനെത്തുടർന്നു 2 വർഷം മുൻപാണു തറവാട്ടിൽ മടങ്ങിയെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories