പാലക്കാട് പരുതൂര്‍ പഞ്ചായത്ത് സുശീലപടിയെയും - അഞ്ചുമൂലയേയും ബന്ധിപ്പിച്ചുകൊണ്ട് റെയില്‍വേ മേല്‍പാലം നിര്‍മ്മിക്കുന്നു. 32.9 കോടി രൂപ ചിലവഴിച്ചാണ് മേല്‍പാലം നിര്‍മിക്കുന്നത്. പാലം നിര്‍മാണത്തിന് റെയില്‍വേയുടെ അന്തിമഅനുമതി ലഭിച്ചു.
പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനും സംശയ ദൂരീകരണത്തിനുമായാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. പാലം നിര്‍മ്മാണത്തിനായി 23 പേരില്‍ നിന്നായി രണ്ടര ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. നിയമാനുസൃതമായ വഴിയിലൂടെ മാത്രമാണ് സ്ഥലമേറ്റെടുപ്പ് നടത്തുക. മേല്‍പാല നിര്‍മ്മാണത്തിലെ സ്ഥലമേറ്റെടുപ്പില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
445 മീറ്റര്‍ നീളമുള്ള റെയില്‍വേ മേലപാലത്തിന്റെ 51.4 മീറ്റര്‍ ഭാഗത്തെ നിര്‍മ്മാണ പ്രവൃത്തികള്‍ റെയില്‍വേയാണ് നടത്തേണ്ടത്. 10.15 മീറ്റര്‍ ആണ് പാലത്തിന്റെ വീതി. സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കലാണ് അടുത്ത ഘട്ടത്തില്‍ ചെയ്യേണ്ടത്. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് മേല്‍നോട്ടം വഹിക്കുക.